എൻസിപി ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ; പാലായിൽ മാണി സി കാപ്പൻ യുഡിഎഫ് സ്ഥാനാർഥിയാകും

ന്യൂഡെൽഹി: കേരളത്തിൽ ഇടതു മുന്നണി വിട്ട് എൻസിപി യുഡിഎഫിൽ ചേരുന്നത് സംബന്ധിച്ച് വ്യാഴാഴ്ച പ്രഖ്യാപനമുണ്ടാകും. പാലായില്‍ മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. എൻസിപി അധ്യക്ഷൻ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാണി സി കാപ്പൻ ഇക്കാര്യം സ്ഥിരീകരിച്ചു.

സിപിഎം മുന്നണി മര്യാദകൾ പാലിച്ചില്ല. ഇക്കാര്യം കേന്ദ്ര നേതൃത്വത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. മുന്നണി വിടുന്നത് സംബന്ധിച്ച് വൈകാതെ പാർട്ടി നേത്യത്വം തീരുമാനം പ്രഖ്യാപിക്കുമെന്ന് കാപ്പൻ പറഞ്ഞു.

അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഞായറാഴ്ച പാലായിൽ എത്തുമ്പോൾ അനുയായികൾക്കൊപ്പം പ്രകടനമായി ജാഥയിൽ പങ്കുചേർന്ന് യുഡിഎഫിൻ്റെ ഭാഗമാകാനാണ് കാപ്പന്റെ തീരുമാനം.

1000 പ്രവർത്തകരുടെയും 250 ബൈക്കുകളുടെയും അകമ്പടിയോടെ തുറന്ന ജീപ്പിലാകും കാപ്പൻ യാത്രയിൽ പങ്കുചേരുക. ജാഥാ ക്യാപ്റ്റൻ രമേശ് ചെന്നിത്തലയെ ഷാൾ അണിയിച്ചു സ്വീകരിച്ച ശേഷം കാപ്പൻ തന്റെ നിലപാട് പ്രഖ്യാപിക്കുമെന്നാണ് സൂചന. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കേരള കോൺഗ്രസ് (ജോസഫ്) വർക്കിങ് ചെയർമാൻ പിജെ ജോസഫ് എന്നിവരും കാപ്പനെ സ്വീകരിക്കാനെത്തും.

ഒരുഘട്ടത്തിൽ ഇടതുമുന്നണിക്കൊപ്പം തുടരാൻ ദേശീയ നേതൃത്വം തീരുമാനിച്ചതാണ്. എൻസിപി വിട്ടുവീഴ്ചയ്ക്ക് തയ്യാറുമായി. എന്നാൽ പാലാ സീറ്റിനെ ചൊല്ലി പാർട്ടിക്കുള്ള അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കാൻ പാർട്ടി സെക്രട്ടറി കേരളത്തിലെത്തിയെങ്കിലും പിണറായി വിജയൻ അനുമതി നൽകിയില്ല. ഇതോടെയാണ് ഭിന്നത വീണ്ടും രൂക്ഷമായത്.

കാപ്പൻ വേണമെങ്കിൽ എലത്തൂരോ കുട്ടനാടോ മത്സരിക്കട്ടെയെന്ന് മുഖ്യമന്ത്രി തന്നോട് ഫോണിൽ പറഞ്ഞതായി പ്രഫുൽ പട്ടേൽ കാപ്പനെയും അറിയിച്ചു. പാലാ സീറ്റിനു പകരം രാജ്യസഭാ സീറ്റ് നൽകാനാകില്ലന്നും പ്രഫുൽ പട്ടേലിനോട് മുഖ്യമന്ത്രി പറഞ്ഞതായാണ് വിവരം. ഈ വിവരം പ്രഫുൽ പട്ടേൽ പവാറിനെ അറിയിച്ചു.

സിപിഎം മാണി സി കാപ്പനെക്കാൾ ശശീന്ദ്രപക്ഷത്തെ ഒപ്പം നിർത്താനാണ് ശ്രമിച്ചത്. കാപ്പനൊപ്പം നിന്ന പാർട്ടി സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരനെയും മറുകണ്ടം ചാടിക്കാനും സിപിഎമ്മിനായി. മുന്നണി ബന്ധം സംബന്ധിച്ച തീരുമാനം എടുക്കാൻ പവാർ സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരനോട് ആവശ്യപ്പെട്ടു. എന്നാൽ തീരുമാനം പവാർ എടുക്കണമെന്ന് ടി പി. പീതാംബരനും അറിയിച്ചു.