കൊച്ചി: ഓൺലൈൻ ചൂതാട്ടത്തിനെതിരെ 14 ദിവസത്തിനകം നിയമം നിർമിച്ച് നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇതു സംബന്ധിച്ച പൊലീസ് മേധാവിയുടെ റിപ്പോർട്ട് പരിഗണിച്ച് നിയമനിർമാണം ആവശ്യമുണ്ടെന്ന നിയമവകുപ്പിന്റെ കണ്ടെത്തലിനെ തുടർന്നാണ് നിയമ നിർമാണത്തിന് തീരുമാനം.
കേരള ഗെയിമിങ് ആക്ട് 1960ന് ഭേദഗതി വരുത്തിയായിരിക്കും നിയമനിർമാണം നടത്തുകയെന്നും സർക്കാർ കോടതിയെ അറിയിച്ചു. നിയമം നടപ്പാക്കാനുള്ള സർക്കാരിന്റെ തീരുമാനം അംഗീകരിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഹർജി തീർപ്പാക്കി.
ഓൺലൈൻ ചൂതാട്ടത്തിനെതിരായ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി നേരത്തെ സർക്കാരിനു നോട്ടിസ് അയച്ചിരുന്നു. ഈ സാഹചര്യത്തിലാണു ഡിജിപിയുടെ റിപ്പോർട്ട് അടിയന്തരമായി പരിഗണിച്ച് നടപടി സ്വീകരിക്കാൻ നിയമ വകുപ്പ് തീരുമാനിച്ചത്.
ചൂതാട്ട ആപ്പുകളിലൂടെ പണം നഷ്ടപ്പെട്ട് നിരവധിപ്പേർ ആത്മഹത്യ ചെയ്തത് ചൂണ്ടിക്കാണിച്ചാണ് ചാലക്കുടി സ്വദേശി പോളി വടക്കനു വേണ്ടി അഭിഭാഷകൻ ജോമി കെ. ജോസ് കോടതിയെ സമീപിച്ചത്. ആപ്പുകളുടെ ബ്രാൻഡ് അംബാസിഡർമാരായ ക്രിക്കറ്റ് താരം വിരാട് കോലി, നടൻ അജു വർഗീസ്, നടി തമന്ന എന്നിവർക്കും കോടതി നോട്ടിസ് അയച്ചിരുന്നു.