ന്യൂഡെൽഹി: ആഴ്ചയിൽ നാല് ദിവസം സ്ഥാപനങ്ങൾക്ക് തങ്ങളുടെ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കാനുള്ള വ്യവസ്ഥ അനുവദിച്ച് കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴിൽ കോഡ്. നാല് തൊഴിൽ കോഡുകൾക്ക് കീഴിലുള്ള തൊഴിൽ നിയമങ്ങൾ അന്തിമമാക്കാനുള്ള ശ്രമത്തിലാണ് തൊഴിൽ മന്ത്രാലയം.
വേതന കോഡ്, വ്യവസായിക ബന്ധങ്ങൾ, തൊഴിൽ സുരക്ഷ, ആരോഗ്യം-ജോലി സാഹചര്യങ്ങൾ സാമൂഹിക സുരക്ഷ എന്നിങ്ങനെയാണ് നാല് തൊഴിൽ കോഡുകൾ. ദിവസം 12 മണിക്കൂറോടെ ആഴ്ചയിൽ നാല് ദിവസം ജോലി, 10 മണിക്കൂറോളം വച്ച് ആഴ്ചയിൽ അഞ്ച് ദിവസം, എട്ട് മണിക്കൂർ വീതം ആഴ്ചയിൽ ആറ് ദിവസം എന്നിങ്ങനെയുള്ള മൂന്ന് വ്യവസ്ഥകൾ സ്ഥാപനങ്ങൾക്ക് തിരഞ്ഞെടുക്കാം.
സ്ഥാപനങ്ങൾക്ക് വ്യവസ്ഥകളിൽ ഒന്ന് തിരഞ്ഞെടുക്കാമെന്നാണ് കേന്ദ്ര തൊഴിൽ സെക്രട്ടറി അപൂർവ ചന്ദ്ര അറിയിച്ചു. അതേസമയം തൊഴിലുടമകളെയോ ഈ വ്യവസ്ഥകൾ പാലിക്കാൻ കേന്ദ്ര സർക്കാർ നിർബന്ധക്കില്ല. ആഴ്ചയിൽ നാല് ദിവസം തൊഴിലെന്ന വ്യവസ്ഥ തിരഞ്ഞെടുക്കുന്നവർക്ക് മൂന്ന് ദിവസം അവധി നൽകേണ്ടി വരും.
അഞ്ച് ദിവസം വ്യവസ്ഥ തിരഞ്ഞെടുക്കുന്നവർക്ക് അടുത്ത ആഴ്ചയിലേക്ക് കടക്കുന്നതിന് മുമ്പ് രണ്ട് ദിവസത്തെ അവധി നൽകേണ്ടി വരും.