ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ നടന്ന കർഷകസമരവുമായി ബന്ധപ്പെട്ട ട്വീറ്റിൻ്റെ പേരിൽ കോൺഗ്രസ് നേതാവ് ശശി തരൂർ എംപിയെ അറസ്‌റ്റ് ചെയ്യുന്നത് സുപ്രീംകോടതി വിലക്കി. രണ്ടാഴ്‌ചയക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ച കോടതി, അതുവരെ തരൂരിനെയും ആറ് മാദ്ധ്യമപ്രവർത്തകരെയും അറസ്‌റ്റ് ചെയ്യരുതെന്ന് ഡെൽഹി പൊലീസിന് നിർദേശം നൽകി. തരൂരിനൊപ്പം ആറു മാദ്ധ്യമപ്രവർത്തർക്കെതിരെയും രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തിരുന്നു.
ചീഫ് ജസ്‌റ്റിന് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തരൂരിന്റെ അറസ്‌റ്റ് തടഞ്ഞത്. ഡെൽഹി പൊലീസിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായപ്പോൾ, പ്രതിഭാഗത്തിനായി കപിൽ സിബൽ ഹാജരായി. കേസ് പരിഗണിക്കുന്നതുവരെ നടപടി സ്വീകരിക്കരുതെന്ന സിബലിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
റിപ്പബ്ലിക് ദിനത്തിൽ കർഷകരും പൊലീസും തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് കോൺഗ്രസ് ശശി തരൂർ അടക്കമുള്ളവർക്കെതിരെ നോയ്ഡ പൊലീസ് കേസെടുത്തത്.