ന്യൂഡെൽഹി: മുഖ്യമന്ത്രിയുടെ മകളും ഓൺലൈൻ തട്ടിപ്പിന് ഇരയായി. ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിൻ്റെ മകൾ ഹർഷിത കേജ്‌രിവാളാണ് ഓൺലൈൻ തട്ടിപ്പുകാരുടെ വലയിൽ വീണത്. 34000 രൂപയാണ് ഹർഷിതയ്ക്ക് നഷ്ടമായത്. പ്രമുഖ വ്യാപാര സൈറ്റായ ഒഎൽഎക്സിലൂടെ പഴയ സോഫ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഹർഷിത തട്ടിപ്പിനിരയായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഹർഷിത തൻ്റെ പഴയ സോഫ ഒഎൽഎക്സിൽ ലിസ്റ്റ് ചെയ്തിരുന്നു. അന്വേഷിച്ചെത്തിയ ഒരാളുമായി അവർ കച്ചവടം ഉറപ്പിച്ചു. പണം കൈമാറാനായി ഒരു ബാർകോഡ് സ്കാൻ ചെയ്യാൻ അയാൾ ഹർഷിതയോട് ആവശ്യപ്പെട്ടു. ആദ്യം ചെറിയ ഒരു തുക ഇയാൾ ഹർഷിതയ്ക്ക് കൈമാറി.
രണ്ട് തവണകളായി 34000 രൂപ നഷ്ടപ്പെടുകയായിരുന്നു.ആദ്യം 20000 രൂപയും പിന്നീട് 14000 രൂപയുമാണ് ഹർഷിതയ്ക്ക് നഷ്ടമായത്. സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിലാണ് ഹർഷിത പരാതി നൽകിയത്.