പ്ലാസ്റ്റിക് വിസില്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുവയസുകാരി മരിച്ചു

പട്​ന: പ്ലാസ്റ്റിക് വിസില്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുവയസുകാരി മരിച്ചു. ബിഹാറിലെ മുങ്കേര്‍ ജില്ലയിലാണ് സംഭവം. കളിക്കുന്നതിനിടെയാണ് ഖുശ്ബു എന്ന കുട്ടിയുടെ തൊണ്ടയില്‍ വിസില്‍ കുരുങ്ങിയത്. ഉടന്‍ തന്നെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോയി. അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്കും മാറ്റി. ആ സമയത്ത് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല.

ജില്ലാ ആശുപത്രിയിൽ നിന്ന് പറ്റ്നയിലെ മെഡിക്കല്‍ കോളജിലേക്ക് ഉടൻ മാറ്റുകയായിരന്നു. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ജില്ലാ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് അനുവദിക്കാത്തതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയിലായിരുന്നു ബന്ധുക്കൾ കുട്ടിയെ കൊണ്ടുപോയത്. മെഡിക്കല്‍ കോളജില്‍ എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയും ചെയ്​തു.

സമയത്ത് ചികിത്സ ലഭിക്കാതിരുന്നതിനാലാണ്​ ഖുശ്ബു മരണത്തിന്​ കീഴടങ്ങിയതെന്ന്​ ബന്ധുക്കള്‍ ആരോപിച്ചു. ‘ഞങ്ങൾ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊന്നിലേക്ക് ഓട്ടോറിക്ഷയിലാണ്​ യാത്ര ചെയ്തത്. പട്നയിലേക്കുള്ള യാത്രാമധ്യേ, അമിതമായ വേദനയും ശ്വസന ബുദ്ധിമുട്ടും കാരണം എ​ൻ്റെ മകൾക്ക് ജീവൻ നഷ്ടപ്പെട്ടു’ – വേദന കടിച്ചമർത്തിക്കൊണ്ട്​ പിതാവ്​ മാധ്യമങ്ങളോട്​ പറഞ്ഞു.

മുങ്കേറിലെയും തൊട്ടടുത്ത ഭഗൽപൂരിലെ ആശുപത്രിയിലെയും ഡോക്​ടർമാർ ചികിത്സ നൽകാൻ വിസമ്മതിച്ചിരുന്നതായും അവർ വ്യക്​തമാക്കി. ബിഹാറില്‍ പൊതുജനാരോഗ്യസംവിധാനം മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ് എട്ടുവയസുകാരി ചികിത്സ ലഭിക്കാതെ മരിച്ചത്.