ന്യൂഡെൽഹി: ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിൽ കൊടിയുയർത്താൻ നേതൃത്വം നൽകിയ പഞ്ചാബി നടൻ ദീപ് സിദ്ദു അറസ്റ്റിൽ. ദിവസങ്ങളായി ഇയാൾ ഒളിവിലായിരുന്നു. റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടെയുണ്ടായ അനിഷ്ടസംഭവങ്ങളിൽ ആരോപണവിധേയനായ ദീപ് സിദ്ദുവിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ ഡെൽഹി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ പഞ്ചാബിൽ വെച്ചാണ് ഡെൽഹി പോലീസിന്റെ സെപ്ഷ്യൽ സെൽ ഇയാളെ അറസ്റ്റ് ചെയ്തത്.
ചെങ്കോട്ടയിലെ അക്രമങ്ങൾക്ക് നേതൃത്വം നൽകിയത് ദീപ് സിദ്ദുവും സംഘവുമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു.
ചെങ്കോട്ടയിൽ പതാക ഉയർത്തിയത് ദീപ് സിദ്ദുവിൻ്റെ സംഘമാണ്. സമരവുമായി ബന്ധമില്ലെന്നും അക്രമസമരത്തെ തള്ളിക്കളയുന്നുവെന്നും കർഷക നേതാക്കൾ വ്യക്തമാക്കിയിരുന്നു.
എന്നാൽ കർഷക നേതാക്കളുടെ ആരോപണത്തെ തള്ളി ദീപ് സിദ്ദു സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു.
സിഖ് പതാകയാണ് ഞങ്ങൾ ചെങ്കോട്ടയിലുയർത്തിയത്. പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ അവകാശത്തിന്റെ ഭാഗമായാണ് അങ്ങനെ ചെയ്തത്. ദേശീയ പതാക അഴിച്ചുമാറ്റിയിരുന്നില്ലെന്നും ദീപ് സിദ്ദു ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു. ദീപ് സിദ്ദുവിനെ തള്ളി കർഷകസമരത്തെ പിന്തുണയ്ക്കുന്ന നിരവധി സംഘടനാ നേതാക്കളും രംഗത്തെത്തി.
ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്താൻ നേതൃത്വം നൽകിയശേഷം ഒളിവിൽ പോയ നടനെതിരെ പൊലീസ് തിരച്ചിൽ ഊർജിതമാക്കുന്നതിനിടെയും സമൂഹമാദ്ധ്യമങ്ങളിൽ ദീപ് സിദ്ദുവിന്റെ വീഡിയോകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഒളിസങ്കേതത്തിൽ സ്വയം ചിത്രീകരിച്ച വിഡിയോകൾ വിദേശത്തുളള സുഹൃത്തിന് അയച്ചു കൊടുത്തെന്നാണ് പൊലീസിന്റെ നിഗമനം.
കർഷക നേതാക്കൾക്കെതിരെയും ഡെൽഹി പൊലീസിനെതിരെയും ആരോപണങ്ങൾ ഉന്നയിച്ച് ദീപ് സിദ്ദു സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോ വിദേശത്തു നിന്നാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്നു പൊലീസ് കണ്ടെത്തിയിരുന്നു.
വിദേശത്തുനിന്ന് ദീപ് സിദ്ദുവിന്റെ പെൺസുഹൃത്താണ് വിഡിയോ ഫേസ്‌ബുക്കിൽ അപ്‌ലോഡ് ചെയ്‌തതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.കർഷക നേതാക്കളുടെ രഹസ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തു വിടുമെന്നും നേതാക്കൾ ഒളിക്കാൻ പെടാപ്പാടുപെടുമെന്നും ദീപ് സിദ്ദു ഭീഷണിപ്പെടുത്തിയിരുന്നു. നടന്റെ കുടുംബാംഗങ്ങളും പഞ്ചാബിലെ വീട് വിട്ടിരുന്നതായി പൊലീസ് വെളിപ്പെടുത്തിയിരുന്നു.
ഗുണ്ടാ രാഷ്ട്രീയ നേതാവായ ലഖ സിദാനയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സിദ്ദു ജനുവരി 25ന് രാത്രി സമരഭൂമിയിലെത്തി കർഷകരെ പ്രകോപിപ്പിച്ച് സമരം അക്രമസക്തമാക്കാൻ നേതൃത്വം നൽകിയതായി സ്വരാജ് ഇന്ത്യ ചീഫ് യോഗേന്ദ്ര യാദവ് ആരോപിച്ചിരുന്നു.