ന്യൂ ഡെൽഹി: കൻവറിൻ്റെ ഗാനം സമരസംഗീതമായി മാറുകയും ഗായകൻ പ്രക്ഷോഭത്തിൻ്റെ മുഖങ്ങളിലൊന്നാകുകയും ചെയ്തു. ഈ ഗാനം നീക്കം ചെയ്യുന്നതുവരെ ഒരു കോടി ആളുകളാണ് കണ്ടത്. കർഷകരാണ് കൃഷിയെക്കുറിച്ചുള്ള തീരുമാനമെടുക്കേണ്ടത് മറ്റാരുമല്ലെന്നാണ് ഈ ഗാനത്തിൻ്റെ സന്ദേശം.
കർഷക സമരത്തെ പിന്തുണയ്ക്കുകയും സർക്കാരിനെതിരെ വിമർശം ഉന്നയിക്കുകയും ചെയ്യുന്ന ട്വിറ്റർ അക്കൗണ്ടുകൾ പൂട്ടിക്കുന്നതിനു പിന്നാലെ സമരസംഗീതത്തിനും ഇൻറർനെറ്റിൽ വിലക്ക്. പഞ്ചാബി ഗായകൻ കൻവർ ഗ്രെവാളിൻറെ ഐലാൻ, ഹിമാത് സന്ധുവിൻറെ അസി വദാംഗെ എന്നീ സംഗീത വീഡിയോകൾ യൂട്യൂബ് നീക്കം ചെയ്തു.
കേന്ദ്രസർക്കാരിൻ്റെ പരാതിയ തുടർന്നാണ് നടപടി. കർഷക സമരത്തെ അനുകൂലിച്ചുള്ള ഹിമാത് സന്ധുവിൻ്റെ സംഗീത വീഡിയോ നാല് മാസം മുൻപാണ് യൂട്യൂബിൽ പോസ്റ്റ് ചെയ്തത്. ഈ ഗാനത്തിന് 13 ദശലക്ഷം കാഴ്ചക്കാർ ഉണ്ടായി.
യൂട്യൂബിൽ നിന്ന് ഇവ നീക്കം ചെയ്യാൻ സർക്കാരിന് കഴിയുമെങ്കിലും ജനങ്ങളുടെ ഹൃദയത്തിൽ നിന്ന് ഗാനങ്ങൾ മായ്ക്കാൻ കഴിയില്ലെന്ന് കർഷക നേതാവ് ഷിംഗാര സിംഗ് മാൻ പറഞ്ഞു.