കൊച്ചി: ആദ്യം വിളിക്കുക ഓർഡർ ചെയ്ത സാധനം കിട്ടിയല്ലോ, ഇതിന് പ്രശ്നങ്ങളൊന്നും ഇല്ലല്ലോ. പിന്നെ വിളി വരുന്നത് നിങ്ങൾക്ക് നറുക്കെടുപ്പിലൂടെ സമ്മാനം ലഭിച്ചു എന്ന സന്തോഷ വിവരം അറിയിക്കാനാവും. ഭാഗ്യം തേടിയെത്തിയെന്ന് വിശ്വസിച്ചു സമ്മാനമെത്തിക്കാൻ പണവും മറ്റ് വിവരങ്ങളും നൽകും. എന്നാൽ ഇനി അത് ആവർത്തിക്കരുത്.
ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ വഴി വ്യാപകമായി തട്ടിപ്പുകൾ നടക്കുന്നതായി പോലീസിന്റെ മുന്നറിയിപ്പ്. മലയാളികൾക്കു കൂടി തട്ടിപ്പിൽ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്.
ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽനിന്ന് എന്തെങ്കിലും സാധനങ്ങൾ വാങ്ങിയാൽ തൊട്ടടുത്ത ദിവസം നറുക്കെടുപ്പിൽ വിജയിയാണെന്ന് അറിയിച്ച് ചില വിളിയെത്തിയിരുന്നു. മുമ്പ് ഫോൺ വിളി എത്തിയിരുന്നത് ഇംഗ്ലീഷിലായിരുന്നു. ഇപ്പോൾ മലയാളികളാണ് വിളിക്കുന്നത്. അതും സ്ത്രീകൾ.
ഓൺലൈനിൽ ഓർഡർ ചെയ്യുന്ന സാധനങ്ങൾ ഡെലിവറി ചെയ്യുന്നതോടെയാണ് തട്ടിപ്പുകാരുടെ ഫോൺ വിളിയെത്തുക. ആദ്യം വിളിക്കുക ഓർഡർ ചെയ്ത സാധനം കിട്ടിയല്ലോ, ഇതിന് പ്രശ്നങ്ങളൊന്നും ഇല്ലല്ലോ എന്ന് തിരക്കിയാകും. ഇത് കഴിഞ്ഞുള്ള ദിവസം വീണ്ടും ഫോൺ വിളിയെത്തും. ഓൺലൈനിൽ സാധനങ്ങൾ വാങ്ങിയവർക്കായി നടത്തിയ നറുക്കെടുപ്പിൽ മെഗാ ബമ്പർ സമ്മാനം ലഭിച്ചുവെന്നാകും ഈ വിളിയിൽ അറിയിക്കുക.
ഫെസ്റ്റിവൽ സീസണിൽ ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ സമ്മാനങ്ങൾ നൽകുന്നതിനാൽ തന്നെ ഭൂരിഭാഗം പേരും ഈ ഓഫറിൽ വീഴും. പേര്, വിലാസം, ഓർഡർ ചെയ്ത വസ്തു, ഓർഡർ നമ്പർ എന്നിവയെല്ലാം കൃത്യമായി പറയുന്നതിനാൽത്തന്നെ ഷോപ്പിങ് സൈറ്റുകളുടെ പ്രതിനിധിയാണ് വിളിക്കുന്നതെന്ന് വിശ്വസിക്കുകയും ചെയ്യും.
സമ്മാനം നേടിയ ആളെ തിരിച്ചറിയുന്നതിനായി ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ കോപ്പി തട്ടിപ്പുകാർ വാങ്ങിയെടുക്കും. ഇവ പിന്നീട് തട്ടിപ്പ് സംഘങ്ങൾ മൊബൈൽ കണക്ഷനും ബാങ്ക് അക്കൗണ്ടും മറ്റും എടുക്കുന്നതിനുമെല്ലാം ഉപയോഗിക്കും.
ഓർഡർ ചെയ്യുന്ന ആളുടെ പേരും വിലാസവും ഫോൺ നമ്പറും ഓർഡർ നമ്പറും വാങ്ങിയ സാധനവുമെല്ലാം തട്ടിപ്പുകാരുടെ കൈകളിൽ എത്തുന്നത് കൊറിയർ സർവീസുകാരുടെ ഡേറ്റ ഹാക്ക് ചെയ്യുന്ന വഴിയാണെന്ന് പോലീസ് സംശയിക്കുന്നു.