കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന എംവി ജയരാജന്‍ രോഗമുക്തനായി

കണ്ണൂർ: കൊറോണ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സിപി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ രോഗമുക്തനായി. കൊറോണയെ തുടർന്ന് കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയവേ ന്യുമോണിയ ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയിരുന്നു ജയരാജന്‍. അദ്ദേഹത്തിന്റെ ആരോഗ്യം ഏറെക്കുറേ പൂര്‍ണ്ണമായും വീണ്ടെടുത്തതായി മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു.

ജയരാജനെ ചൊവ്വാഴ്ചത്തെ പരിശോധനകൂടി കഴിഞ്ഞ് ഡിസ്ചാർജ് ചെയ്യും. തുടർന്ന് ഒരുമാസത്തെ പൂർണ വിശ്രമവും നിർദ്ദേശിക്കപ്പെടുന്ന തുടർചികിത്സയും കർശനമായി പാലിക്കണമെന്നും സന്ദർശകരെ പൂർണ്ണമായും ഒഴിവാക്കണമെന്നും മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്.

ജനുവരി 20 നാണ് എം.വി ജയരാജനെ അതീവ ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശൂപത്രിയിലേക്ക് മാറ്റിയത്. കൊറോണ ന്യുമോണിയ കാരണം ശ്വാസകോശത്തിലെ രണ്ട് അറകളേയും 75 ശതമാനത്തോളം രോഗം ബാധിച്ചിരുന്നു. ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. രക്തത്തിൽ ഓക്‌സിജന്‍റെ അളവ് നന്നേ കുറഞ്ഞതിനാൽ ശ്വാസോച്ഛ്വാസം പോലും സി-പപ്പ് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ക്രമീകരിച്ചത്.

ആരോഗ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം കോഴിക്കോടുനിന്നും ഡോ എ.എസ് അനൂപ് കുമാറും ഡോ പി.ജി രാജുവും തിരുവനന്തപുരത്തുനിന്നും ഡോ എസ്.എസ് സന്തോഷ് കുമാറും ഡോ അനിൽ സത്യദാസും അടങ്ങിയ ക്രിറ്റിക്കൽ കെയർ വിദഗ്ദരും അദ്ദേഹത്തെ പരിശോധിച്ചിരുന്നു. ചെന്നൈയിലെ പ്രമുഖ ഇൻഫെക്ഷൻ കൺട്രോൾ സ്‌പെഷ്യലിസ്റ്റ് ഡോ റാം സുബ്രഹ്മണ്യത്തിന്‍റെ നിർദ്ദേശവും സ്വീകരിക്കുകയുണ്ടായി.