കൂടത്തായി കൊലപാതക പരമ്പര; ജോളിയുടെ ജാമ്യം സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡെൽഹി: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതി ജോളിയുടെ ജാമ്യം സുപ്രീം കോടതി സ്റ്റേചെയ്തു. ജസ്റ്റിസുമാരായ മോഹന ശാന്തനാ ഗൗഡർ, വിനീത് ശരൺ എന്നിവർ അടങ്ങിയ ബെഞ്ചാണ് ജാമ്യം സ്‌റ്റേ ചെയ്തത്. സംസ്ഥാന സർക്കാരിന്റെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി നോട്ടീസ് അയച്ചു. ജോളിയെ ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ടെങ്കിൽ ഉടൻ കസ്റ്റഡിയിൽ എടുക്കണമെന്നും നിർദേശമുണ്ട്.

കൂടത്തായി കൊലപാതക പരമ്പരയിൽ അന്നമ്മയെ കൊലപ്പെടുത്തിയ കേസിലാണ് കേരള ഹൈക്കോടതി ജോളിക്ക് ജാമ്യം അനുവദിച്ചിരുന്നത്. ഇതിനെതിരേ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ഒന്നാം പ്രതി ജോളി ജോസഫുൾപ്പെടെയുള്ള മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണ് ആറുപേരുടെ മരണം കൊലപാതകമാണെന്ന് പുറത്തറിഞ്ഞത്. രണ്ട് പള്ളികളിലെ മൂന്ന് കല്ലറകളിലായി അടക്കിയ മൃതദേഹങ്ങൾ പൊലീസ് പുറത്തെടുത്ത് വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. 14 വർഷത്തിനിടെയാണ് ആറ് ദുരൂഹമരണങ്ങളുണ്ടായത്. കൊലപാതകമാണെന്നു തെളിഞ്ഞത് പിന്നെയും മൂന്ന് വർഷം കഴിഞ്ഞാണ്.

പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ മാത്യു, മകൻ റോയ് തോമസ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജുവിന്റെ ഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരാണ് മരിച്ചത്. റോയ് തോമസിന്റെ ഭാര്യ ജോളി ജോസഫാണ് ആറ് കൊലപാതകങ്ങളും നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.