പാലക്കാട്: ഇടത് ഭരണത്തിൽ സംസ്ഥാനത്ത് അഞ്ച് വർഷം നടന്നത് അനധികൃത നിയമനങ്ങളുടെ കുംഭമേളയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നരലക്ഷം പിൻവാതിൽ നിയമനങ്ങളാണ് സർക്കാർ നടത്തിയത്. കൺസൾട്ടൻസി,പൊതുമേഖല നിയമനം കൂടി കണക്കാക്കിയാൽ പിൻവാതിൽ നിയമനങ്ങളുടെ എണ്ണം മൂന്ന് ലക്ഷമാകും. യു ഡി എഫ് അധികാരത്തിലെത്തിയാൽ ഇതവസാനിപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തത് ക്രിമിനൽ കുറ്റമാക്കുന്ന നിയമനിർമ്മാണം നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മൂന്ന് മാസം മുതൽ രണ്ട് വർഷം വരെ ശിക്ഷ ഉറപ്പാക്കും. താത്കാലിക നിയമനം പൂർണമായും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കും.
എം ബി രാജേഷിന്റെ ഭാര്യയുടെ നിയമന വിവാദത്തിലൂടെ അനധികൃത നിയമനങ്ങളെയാണ് എതിർക്കുന്നത്. റാങ്ക് ലിസ്റ്റ് അട്ടിമറിച്ചെന്ന് ആരോപിച്ച ബോർഡ് അംഗങ്ങൾ കോൺഗ്രസുകാരല്ല. സത്യം കണ്ടു പിടിക്കുന്നവരെ മോഷ്‌ടാക്കളാക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
സത്യം പറയുന്നവരെ നിശബ്‌ദരാക്കുകയാണ്. ഇതിനായി ഉപജാപക സിദ്ധാന്തം കൊണ്ടു വരുന്നു. ഇക്കാര്യത്തിൽ സി പി എം നിലപാട് എന്താണെന്നും മന്ത്രി ജയരാജൻ മാനുഷിക പരിഗണനയെന്ന് പറയുമ്പോൾ അത് മറ്റ് ഉദ്യോഗാർത്ഥികൾക്ക് ഇത് ബാധകമല്ലേയെന്നും അദ്ദേഹം ചോദിച്ചു. കിഫ്ബി നിർത്തലാക്കാൻ യു ഡി എഫ് ആലോചിക്കുന്നില്ല. അധികാരത്തിലെത്തിയാലും കിഫ്ബി നിലനിർത്തി തന്നെ മുന്നോട്ടു പോകും. നടപടി ക്രമങ്ങളിലെ വീഴ്‌ചകൾക്കാണ് പരിഹാരം ഉണ്ടാകേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു