തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സർക്കാർ നീക്കത്തെ എതിർത്ത യൂണിയനുകൾക്ക് സർക്കാറിൽനിന്നും തിരിച്ചടി. കെഎസ്ആർടിസിയിൽ കെ സ്വിഫ്റ്റ് എന്ന പേരിൽ പുതിയ കമ്പനി രൂപീകരിക്കാനുള്ള തീരുമാനത്തെ യൂണിയനുകൾ എതിർത്തതിനാണ് ജനുവരി മാസത്തെ ശമ്പളം ഇതുവരെ അനുവദിക്കാതെ സർക്കാർ പ്രതിഷേധം കാണിച്ചതെന്ന് ആക്ഷേപം ശക്തമായി കഴിഞ്ഞു.
കഴിഞ്ഞ പത്ത് മാസത്തോളമായി സർക്കാരിൽ നിന്ന് പണം വാങ്ങിയാണ് കെഎസ്ആർടിസിയിൽ ശമ്പളം കൊടുക്കു ന്നത്. അറുപത് കോടി രൂപയാണ് കെഎസ്ആർടിസിയിൽ ശമ്പളത്തിനായി സർക്കാർ കൊടുക്കുന്നത്. ആകെ 82 കോടിയോളമാണ് ശമ്പളത്തിന് വേണ്ടത്. സർക്കാരിൽ നിന്നുള്ള പണം അനുവദിക്കാത്തതു കാരണമാണ് ജനുവരിയിലെ ശമ്പളം ഇതുവരെ കൊടുക്കാൻ കഴിഞ്ഞിട്ടില്ല.
എന്ന് ശമ്പളം നൽകാൻ കഴിയുമെന്ന കാര്യത്തിൽ മാനേജ്മെന്റിനും വ്യക്തതയില്ല. കെ സ്വിഫ്റ്റ് നടപ്പിലാക്കാനായില്ലെങ്കിൽ ശമ്പളത്തിന് പണം നൽകാൻ കഴിയില്ലെന്നാണ് സർക്കാരിന്റെ നിലപാട്. ഈ നിലപാട് സർക്കാർ കെഎസ്ആർടിസി എം.ഡിയേയും അറിയിച്ചിട്ടുണ്ട്.
കൊറോണ വ്യാപനത്തെ തുടർന്ന് 2020 മാർച്ചിൽ ലോക്ക്ഡൗൺ ആരംഭിക്കുകയും അത് പിൻവലിച്ച് പൊതുഗതാഗതം തുറക്കുകയും ചെയ്തതോടെ ജനുവരി വരെ കെഎസ്ആർടിസിയിൽ കൃത്യമായി ശമ്പളം കൊടുത്തു വരികയായിരുന്നു. സർക്കാരിൽ നിന്നുള്ള ധനസഹായം കൊണ്ടാണ് കഴിഞ്ഞ പത്ത് മാസത്തോളമായി ദിവസംപോലും തെറ്റാതെ ശമ്പളം നൽകിക്കൊണ്ടിരുന്നത്.
കെ സ്വിഫ്റ്റിനെ മാത്രമല്ല സൊസൈറ്റി രൂപീകരിച്ച് പുതിയ സംവിധാനമാക്കാനുള്ള നീക്കത്തിനും പ്രതിപക്ഷ യൂണിയനുകൾ എതിരാണ്. ഈ സാഹചര്യത്തിലാണ് സർക്കാർ നിലപാട് കടുപ്പിച്ചത്. കെഎസ്ആർടിസിയിൽ ശമ്പള പരിഷ്‌കരണം വകുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. മറ്റു സർക്കാർ ജീവനക്കാർക്കൊപ്പം ശമ്പള പരിഷ്‌കരണം നടപ്പാക്കിയാലും കെഎസ്ആർടിസിയിൽ ഒരെണ്ണം നഷ്ടമാകും.