സ്വർണക്കടത്ത് ; സ്വപ്നയടക്കമുള്ള പ്രതികൾ ജാമ്യം തേടി എൻഐഎ കോടതിയിൽ

കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികൾ ജാമ്യം തേടി കോടതിയിൽ. കുറ്റപത്രത്തിൽ ഗൗരവതരമായ കണ്ടെത്തലുകളൊന്നുമില്ലെന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളെന്നതിന് തെളിവില്ലെന്നും കാണിച്ചാണ് കൊച്ചി എൻഐഎ കോടതിയെയാണ് പ്രതികൾ സമീപിച്ചത്.

ഗൗരവം കുറഞ്ഞ സ്വർണക്കടത്ത് കേസിൽ ഇനിയും റിമാൻഡ് നീട്ടരുതെന്നും ജാമ്യ ഹർജിയിൽ പറയുന്നുണ്ട്. പ്രതികളിൽ പലർക്കും കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസുകളിൽ ജാമ്യം ലഭിച്ചിട്ടുണ്ട്. കേസിൽ എൻഐഎ കോടതി നേരത്തെ പത്ത് പേർക്ക് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വാദം തുടങ്ങും.

അതേസമയം, സ്വപ്ന ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ കസ്റ്റംസ് കൊഫേപോസ ചുമത്തിയതിനാൽ എൻഐഎ കേസിൽ ജാമ്യം നേടിയാലും പുറത്തിറങ്ങാനാകില്ല. നേരത്തെ സ്വർണക്കടത്ത് കേസിൽ 20 പേർക്കെതിരെയാണ് എൻഐഎ കുറ്റപത്രം നൽകിയത്. പ്രതികൾ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർത്തെന്നാണ് എൻഐഎ കുറ്റപത്രത്തിലുള്ളത്.