വയനാട് വന്യജീവി സമീപ പ്രദേശങ്ങൾ പരിസ്ഥിതി ദുർബലമായി പ്രഖ്യാപിച്ച നടപടി; ജില്ലയിൽ യുഡിഎഫ് ഹർത്താൽ തുടങ്ങി

കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ച നടപടിയിൽ പ്രതിഷേധിച്ച് വയനാട് ജില്ലയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഒൻപതോളം പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തികൊണ്ടാണ് കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. വന്യജീവി സങ്കേതത്തിന് പുറത്ത് വരുന്ന 118.59 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതി ദുർബല പ്രദേശത്തിന്റെ പരിധിയിൽ വരുന്നതെന്ന് കരട് വിജ്ഞാപനം വ്യക്തമാക്കുന്നു.പാറ ഖനനം, വൻകിട ജലവൈദ്യുത പദ്ധതികൾ, തടിമില്ലുകൾ, ജലം, വായു, മണ്ണ് എന്നിവ മലിനപ്പെടുത്തുന്ന വ്യവസായങ്ങൾ എന്നിവയുൾപ്പെടെ ഒൻപതോളം പ്രവർത്തനങ്ങളാണ് നിരോധിച്ചിരിക്കുന്നത്.

വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശം പരിസ്ഥിതി ലോല മേഖലയാക്കുന്നതിനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിൽ ഭേദഗതി വരുത്തണമെന്ന ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു. ഈ മേഖലയിൽ ജീവിക്കുന്ന ജനങ്ങളുടെ ന്യായമായ ആശങ്ക കണക്കിലെടുത്ത് വിജ്ഞാപനത്തിൽ ഭേദഗതി ചെയ്യണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു