കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെതിരെ കുറ്റപത്രം തയ്യാറാക്കാനൊരുങ്ങി വിജിലൻസ്. തിരഞ്ഞടുപ്പിന് മുൻപ് സമർപ്പിക്കാനാണ് നീക്കം. ഇബ്രാഹിംകുഞ്ഞടക്കം 13 പേരെയാണ് കേസിൽ പ്രതിചേർത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷത്തിനെതിരെ രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങുകയാണ് സർക്കാർ.
പാലത്തിന്റെ നിർമാണ കരാർ ആർഡിഎക്സ് കമ്പനിക്ക് നൽകാൻ മസ്‌ക്കറ്റ് ഹോട്ടലിൽ വികെ ഇബ്രാഹിംകുഞ്ഞിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നുവെന്നാണ് വിജിലൻസിന്റെ മുഖ്യ ആരോപണം. കേസിലെ പ്രധാന പ്രതികളെ എല്ലാം അറസ്റ്റ് ചെയ്തുകഴിഞ്ഞെന്നും തെളിവുകൾ ശേഖരിച്ചുവെന്നും വിജിലൻസ് അവകാശപ്പെടുന്നു. എന്നാൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ മുഹമ്മദ് അനീഷിനെ കേസിൽ പ്രതിചേർത്തിട്ടുണ്ടെങ്കിലും അദ്ദേഹമടക്കം ഏഴു പേരെ അറസ്റ്റ് ചെയ്തിട്ടില്ല.
കുറ്റപത്രം തയ്യാറാക്കുന്ന നടപടി അന്തിമ ഘട്ടത്തിലാണ്. പ്രോസിക്യൂഷന്റെ അനുമതി കൂടി ലഭിച്ച ശേഷമേ വിജിലൻസ് കുറ്റപത്രം സമർപ്പിക്കൂ. പാലാരിവട്ടം പാലത്തിന് പുറമെ ചമ്രവട്ടം പാലവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തലും ഇബ്രാഹിംകുഞ്ഞിന് പങ്കുണ്ടോയെന്നും വിജിലൻസ് അന്വേഷിക്കുകയാണ്.
ചമ്രവട്ടം റഗുലേറ്റർ ബ്രിഡ്ജിലേക്കുള്ള അഞ്ച് അപ്രോച്ച് റോഡുകളുടെ നിർമാണ കരാറുമായി ബന്ധപ്പെട്ടാണ് അന്വേഷണം. പൊതുമരാമത്ത് മുൻ സെക്രട്ടറി ടിഒ സൂരജടക്കം ഒമ്ബത് പേരെ പ്രതിയാക്കി ഈ കേസിലും വിജിലൻസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.