തിരുവനന്തപുരം : ശബരിമല ആചാരസംരക്ഷണത്തിന് കരട് നിയമം തയ്യാറെന്ന് യുഡിഎഫ്. ഐക്യജനാധിപത്യമുന്നണി അധികാരത്തിലെത്തിയാല്‍ അവതരിപ്പിക്കുന്ന നിയമത്തിന്റെ കരടാണ് പുറത്തുവിട്ടത്. കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് നിയമത്തിന്റെ കരട് പുറത്തുവിട്ടത്.
ശബരിമല വിഷയത്തില്‍ ഏതെങ്കിലും തരത്തില്‍ നിയമത്തിന്റെ കരട് ആരെങ്കിലും തയ്യാറാക്കിയിട്ടുണ്ടെങ്കില്‍ കൈമാറട്ടെയെന്ന് മന്ത്രി എ കെ ബാലന്‍ കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയായാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമത്തിന്റെ കരട് രൂപം പുറത്തുവിട്ടത്. വെറുതെ വാചകക്കസര്‍ത്ത് നടത്തുകയല്ല യുഡിഎഫ് ചെയ്യുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ശബരിമലയില്‍ ആചാരം ലംഘിച്ച് കടന്നാല്‍ രണ്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. തന്ത്രിയാണ് ക്ഷേത്രത്തിന്റെ പരമാധികാരി. അവസാന വാക്ക് തന്ത്രിയുടേതാണ്. തന്ത്രിയുടെ അനുമതിയോടെ പ്രവേശന നിയന്ത്രണം നടപ്പാക്കുമെന്നും യുഡിഎഫിന്റെ കരട് നിയമത്തില്‍ പറയുന്നു. കരട് നിയമം നിയമമന്ത്രി എ കെ ബാലന് നല്‍കാമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രചാരണമാണ് യുഡിഎഫ് നടത്തുന്നത്. ശബരിമലയില്‍ സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. പുനഃപരിശോധന ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്ന് സര്‍ക്കാര്‍ പറയുമോ ?. മുഖ്യമന്ത്രി ഉത്തരം പറയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.