തൃശൂർ: കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് തൃശൂർ പൂരം നടത്താൻ തീരുമാനിച്ചു. നടത്തിപ്പിന് പ്രത്യേക സമിതി രൂപീകരിക്കും. ഈ സമിതിയായിരിക്കും പൂരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുക.തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ പ്രതിനിധികളും ആരോഗ്യവകുപ്പ് അധികൃതരും ജനപ്രതിനിധികളും സമിതിയിലുണ്ടാകും.
രണ്ടാഴ്ചയിലൊരിക്കൽ സമിതി യോഗം ചേർന്നാകും നടത്തിപ്പിന്റെ നടപടിക്രമങ്ങൾ തീരുമാനിക്കുക. മന്ത്രി വി എസ് സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് ഇക്കാര്യങ്ങളിൽ ധാരണയായത്. ആളുകളെ നിയന്ത്രിച്ചാകും പൂരം നടത്തുക. പൂരം നടത്തണമെന്ന് ദേവസ്വം അധികൃതരും പൂരപ്രേമികളും ആവശ്യപ്പെട്ടിരുന്നു. ഇതും കൂടി കണക്കിലെടുത്താണ് കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ തീരുമാനമായത്.
എല്ലാ ചടങ്ങുകളോടെയും പൂരം നടത്താനാണ് നിലവിലെ ആലോചന. പൂര പ്രദര്‍ശനങ്ങളും ഉണ്ടാകും. കൊറോണ കൂടുന്ന സാഹചര്യമുണ്ടെങ്കില്‍ പരിപാടിയില്‍ മാറ്റം വരുത്തും. അന്തിമ തീരുമാനം അടുത്ത മാസം ഉണ്ടാകും. രോഗവ്യാപനം പരിഗണിച്ച് കഴിഞ്ഞ തവണ തൃശൂര്‍ പൂരം താന്ത്രിക ചടങ്ങുകള്‍ മാത്രമായാണ് നടത്തിയത്.