കോണ്‍ഗ്രസ് സംഘടനാ സംവിധാനം ശക്തിപ്പെടുത്തൽ; കൊച്ചിയില്‍ ഇന്ന് നേതൃയോഗം

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കാൻ കൊച്ചിയില്‍ ഇന്ന് പ്രത്യേക നേതൃയോഗം. എഐസിസി ജനറല്‍ സെക്രട്ടറിമാരായ താരിഖ് അന്‍വര്‍, കെസി. വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുക്കും.

ഡിസിസി പ്രസിഡന്റുമാരും ജില്ലകളുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാരുമാണ് യോഗത്തിൽ പങ്കെടുക്കുക. പാർട്ടി ശക്തിപ്പെടുത്താന്‍ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിസിസികള്‍ക്കും ജനറല്‍ സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാര്‍ഡ് പുനസംഘടന ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നേതാക്കൾ യോഗത്തില്‍ വിശദീകരിക്കും. ഓരോ ജില്ലയിലെയും പുനഃസംഘടനയുടെ കൃത്യമായ കണക്ക്, വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതടക്കം ഒരുക്കങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിസിസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.