എസ് ശ്രീകണ്ഠൻ
കൊച്ചി: സർക്കാർ കടപ്പത്രങ്ങളിലും ബോണ്ടുകളിലും ചെറുകിട നിക്ഷേപകർക്ക് പണം മുടക്കാൻ ഓൺ ലൈൻ സംവിധാനം വരുന്നു. റീട്ടെയിൽ ഡയറക്ട് എന്നാണ് ഈ സംവിധാനത്തിന് പേരിട്ടിരിക്കുന്നത്. ഇന്നലെ റിസർവ് ബാങ്ക് പ്രഖ്യാപിച്ച എംപിസി യോഗ തീരുമാനങ്ങളിൽ ഒന്ന് ഇതാണ്. ഇങ്ങനെയൊരു സൗകര്യം ഒരുക്കുന്ന ആദ്യ ഏഷ്യൻ രാജ്യമാണ് ഇന്ത്യ. ലോകത്തിൽ തന്നെ വിരലിൽ എണ്ണാവുന്ന രാജ്യങ്ങളിലെ ഈ സൗകര്യമുള്ളു. സംവിധാനത്തിൻ്റെ വിശദാംശങ്ങൾ താമസിയാതെ പ്രഖ്യാപിക്കും.
ആർബിഐയിൽ തുറക്കുന്ന ഒരു അക്കൗണ്ട് വഴി ചെറുകിടക്കാർക്ക് നേരിട്ട് സർക്കാർ സെക്യൂരിറ്റികൾ ഇനി വാങ്ങാനും വിൽക്കാനും കഴിയും. ഗവൺമെൻറ് സെക്യൂരിറ്റീസ് ( G Sec’s) കേന്ദ്ര സർക്കാരിനു വേണ്ടി റിസർവ് ബാങ്കാണ് മാർക്കറ്റിൽ ഇറക്കുക. സംസ്ഥാന സർക്കാരുകളും ഇങ്ങനെ പണം സമാഹരിക്കാറുണ്ട്. സംസ്ഥാന സർക്കാരുകൾ ഇങ്ങനെ ധന സമാഹരണം നടത്തുന്നതിനെ സ്റ്റേറ്റ് ഡവലപ്പ്മെൻറ് ലോൺ എന്നാണ് പറയാറ്. ഗവൺമെൻറ് സെക്യൂരിറ്റീസ് സാധാരണയായി ദീർഘകാല നിക്ഷേപ ഉപാധിയാണ്. എന്നാൽ, ആറു മാസക്കാലാവധിയുള്ളതും മാർക്കറ്റിൽ എത്താറുണ്ട്.
40 വർഷക്കാലാവധി വരെയുള്ള നിക്ഷേപത്തിന് ഇവിടെ അവസരം ഉണ്ട്.പലിശ കൊല്ലത്തിൽ രണ്ടു തവണയായി വിതരണം ചെയ്യും. നിലവിലെ സ്ളാബ് അനുസരിച്ച് ആദായ നികുതി നൽകേണ്ടതുണ്ട്. തുലോം റിസ്ക്ക് എടുക്കാൻ താൽപ്പര്യമില്ലാത്തവർക്ക് ഗവൺമെൻറ് സെക്യൂരിറ്റീസ് നല്ലൊരു നിക്ഷേപ ഉപാധിയാണ്. സർക്കാർ സെക്യൂരിറ്റി ആവുമ്പോൾ കാശു പോകുമെന്ന ഭയം വേണ്ട. എന്നാൽ, ബോണ്ട് വില പലിശയുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നൊരു റിസ്ക്കുണ്ട്. മാർക്കറ്റിൽ പലിശ കൂടിയാൽ ബോണ്ട് വില കുറയും.
പല കാലാവധിക്കുള്ള സർക്കാർ സെക്യൂരിറ്റികൾ ഉണ്ടെങ്കിലും 10 വർഷ നിക്ഷേപങ്ങളാണ് ഒരു ബഞ്ച് മാർക്കായി നമ്മൾ കണക്കാക്കുന്നത്. 10 വർഷ സർക്കാർ സെക്യൂരിറ്റികൾക്ക് ശരാശരി 6.11% പലിശ ലഭിക്കാറുണ്ട്. ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ വൻ ധനസമാഹരണത്തിനുള്ള പല സർക്കാർ പദ്ധതികളുമുണ്ട്. അതിന് സഹായകരമായ സംവിധാനം ഒരുക്കാനാണ് ആർബിഐ ശ്രമിക്കുന്നത്.
ചെറുകിടക്കാർക്ക് ഓൺലൈൻ വഴി ആയാസ രഹിതമായി സർക്കാർ സെക്യൂരിറ്റികളിൽ നിക്ഷേപിക്കാൻ സൗകര്യം ഒരുങ്ങുന്നതോടെ സർക്കാർ ധന സമാഹരണം ത്വരിതപ്പെടുമെന്ന് കരുതുന്നു. നിലവിൽ ഇതിന് സംവിധാനമുണ്ടെങ്കിലും അതത്ര എളുപ്പമല്ല. നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിലെയും ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലെയും Gobid platform വഴിയാണ് ഇപ്പോൾ അതിന് അവസരമുള്ളത്.
വലിയ പ്രചാരമില്ലാത്തതു കൊണ്ട് പലർക്കും അതേക്കുറിച്ച് അറിയുക പോലുമില്ല.അടുത്ത സാമ്പത്തിക വർഷം 12 ലക്ഷം കോടിയോളം പൊതു വിപണിയിൽ നിന്ന് സമാഹരിക്കാനാണ് കേന്ദ്ര ബജറ്റിൽ സർക്കാർ പദ്ധതിയിടുന്നത്.റിസ്ക്ക് എടുക്കാൻ താൽപ്പര്യമില്ലാത്തവർക്ക് റീട്ടെയിൽ ഡയറക്ട് വഴി കിട്ടുന്നത് ഒരു നിക്ഷേപ ഉപാധിയും. നമുക്ക് കാത്തിരിക്കാം പുതിയ അവസരങ്ങൾക്കായി .