കർഷകരുടെ റോഡ്‌ ഉപരോധം സമാധാനപരം; ദേശീയ-സംസ്ഥാന പാതകൾ സ്തംഭിച്ചു

ന്യൂഡെൽഹി: കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ ദേശവ്യാപക റോഡ്‌ ഉപരോധം സമാധാനപരമായി അവസാനിച്ചു. ഉച്ചയ്‌ക്ക്‌ പന്ത്രണ്ട്‌ മണിക്ക്‌ ആരംഭിച്ച ഉപരോധം മൂന്നുമണിയോടെയാണ്‌ അവസാനിച്ചത്‌.

പഞ്ചാബിലെ അമൃത്സറിലും, മെഹാലിയിലും ഹരിയാനയിലെ പൽവാലയിലും നൂറുക്കണക്കിന്‌ കർഷകരാണ്‌ ദേശീയപാത ഉപരോധത്തിൽ പങ്കെടുത്തത്‌. ഇവിടെയെല്ലാം വലിയതോതിൽ ഗതാഗതക്കുരുക്ക്‌ അനുഭവപ്പെട്ടു. യു.പി, ഉത്തരാഖണ്ഡ്‌, കേരളം, ഉൾപ്പടെയുളള സംസ്ഥാനങ്ങളെ ഒഴിവാക്കിയായിരുന്നു കർഷക സംഘടനകളുടെ റോഡ്‌ ഉപരോധം.

റിപ്പബ്ലിക്‌ ദിനത്തിലുണ്ടായ സംഘർഷം കണക്കിലെടുത്ത് പഴുതടച്ച മുൻകരുതലാണ്‌ കേന്ദ്ര സർക്കാർ സ്വീകരിച്ചത്‌. ഡൽഹി നഗരത്തിലേക്ക്‌ ഒരു പ്രതിഷേധക്കാരനെപ്പോലും പ്രവേശിപ്പിക്കില്ലെന്ന്‌ ഡൽഹി പൊലീസ്‌ വ്യക്തമാക്കിയിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത്‌ അരലക്ഷം അർധസൈനികരെ ഡൽഹി നഗരത്തിലും, സമരവേദിയായ ഗാസിപ്പൂരിലുമായി വിന്യസിച്ചിരുന്നു.

ഹരിയാനയിലെ ചില പ്രദേശങ്ങളിലും, പശ്ചിമ യു.പിയിലും ഇന്റർനെറ്റ്‌ നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. ഗാസിപ്പുർ, സിംഘു, തിക്രി എന്നിവിടങ്ങളിൽ ഇന്ന്‌ അർധരാത്രിവരെ ഇന്റ്രർനെറ്റ്‌ സേവനം വിച്ഛേദിച്ചിട്ടുണ്ട്.

ഡെൽഹി ഐ.ടി.ഒ. പരിസരത്ത്‌ സമരം നടത്തിയ ആനി രാജ അടക്കമുളള നേതാക്കളെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. ജമ്മു – പഠാൻകോട്ട്‌ ഉൾപ്പടെയുളള രാജ്യത്തെ പ്രധാന ദേശീയപാതകൾ എല്ലാം കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഉപരോധിച്ചു.