കുവൈറ്റ്: കുവൈറ്റിൽ വിദേശികൾക്ക് താൽക്കാലിക പ്രവേശന വിലക്കേർപ്പെടുത്തി. ഞായറാഴ്ച മുതൽ രണ്ടാഴ്ചത്തേക്കാണ് വിലക്ക്. സൗദി അറേബ്യയ്ക്ക് പിന്നാലെ കുവൈറ്റ്, യുഎഇ, ഒമാൻ, ഖത്തർ, ബഹറൈൻ തുടങ്ങിയ രാജ്യങ്ങളും നിയന്ത്രണങ്ങൾ കർശനമാക്കി. കൊറോണ രോഗവ്യാപനം വീണ്ടും വർധിച്ചതോടെ മുൻകരുതൽ നടപടികൾ ഊർജ്ജിതമാക്കി ഗൾഫ് രാജ്യങ്ങൾ.
രാത്രി എട്ടുമുതൽ പുലർച്ചെ അഞ്ചുവരെ മാളുകളിൽ ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കരുതെന്ന് കുവൈറ്റ് സർക്കാർ ഉത്തരവിട്ടു. സലൂണുകളും ഹെൽത്ത് ക്ലബ്ബുകളും പ്രവർത്തിക്കില്ല. എന്നാൽ, വന്ദേഭാരത് വിമാന സർവീസുകളെ നിരോധനം ബാധിക്കില്ല. വന്ദേഭാരത് വിമാനത്തിൽ ആരോഗ്യ-വിദ്യാഭ്യാസ മന്ത്രാലയം ജീവനക്കാർക്കും ഗാർഹിക തൊഴിലാളികൾക്കും കുവൈറ്റിലെത്താം.
ഇന്ത്യ ഉൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്കു പ്രവേശന വിലക്കേർപ്പെടുത്തിയതിനു പിന്നാലെ സൗദി അറേബ്യ വിനോദപരിപാടികൾ 10 ദിവസത്തേക്കും വിവാഹ പാർട്ടികളും കോർപറേറ്റ് മീറ്റിങ്ങുകളും ഒരു മാസത്തേക്കും വിലക്കി. തിയറ്ററുകൾ, ഷോപ്പിങ് സെന്ററുകളിലും റസ്റ്റോറന്റുകളിലുമുള്ള ഗെയിം, ജിം, കായിക കേന്ദ്രങ്ങൾ എന്നിവയും 10 ദിവസം തുറക്കില്ല.
യുഎഇ പബ്ബുകളും ബാറുകളും അടച്ചു. ഗ്ലോബൽ വില്ലേജിലെ അടക്കം വിനോദപരിപാടികൾ നിർത്തിവച്ചു. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ മാറ്റി. തലസ്ഥാന എമിറേറ്റായ അബുദാബിയിലേക്കു പ്രവേശിക്കണമെങ്കിൽ കടുത്ത നിബന്ധനകളുണ്ട്. ഒമാൻ തിങ്കളാഴ്ച വൈകിട്ട് വരെ കര അതിർത്തികൾ അടച്ചു. കായിക മത്സരങ്ങൾ, പ്രദർശനങ്ങൾ, മറ്റു പൊതുപരിപാടികൾ എന്നിവ വിലക്കി.
ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ വിവാഹ ആഘോഷങ്ങൾ പാടില്ലെന്ന് ഉത്തർ സർക്കാർ ഉത്തരവിട്ടു. വീടുകളിലെയും മജ്ലിസുകളിലെയും വിവാഹച്ചടങ്ങുകൾക്കു നിയന്ത്രണങ്ങളോടെ ഇളവുണ്ട്. കളിസ്ഥലങ്ങൾ അടച്ചു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ നേരിട്ടെത്തി ജോലി ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കാൻ നിർദേശിച്ചു.
കൊറോണയുടെ രണ്ടാം വകഭേദം കണ്ടെത്തിയതോടെ ബഹ്റൈനും നിയന്ത്രണം കർശനമാക്കി. റസ്റ്റോറന്റുകളിലും കഫേകളിലും ഇരുന്നു ഭക്ഷണം കഴിക്കുന്നതിന് വിലക്കേർപ്പെടുത്തി. ക്ലാസ്സുകൾ തുറക്കില്ല. അധ്യയനം ഓൺലൈനാക്കി. പൊതുഗതാഗത സംവിധാനങ്ങളിൽ ഉൾപ്പെടെ കടുത്ത നിയന്ത്രണമുണ്ട്.