തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വന്ന് പോയവർ ദേശീയ ശരാശരിയുടെ പകുതി മാത്രമാണെന്നാണ് കണക്കുകൾ. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഐസിഎംആറിന്റെ മൂന്നാമത് സീറോ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ കൊറോണ വന്നുപോയവരുടെ വിവരങ്ങൾ കണ്ടെത്തുന്നതിനായാണ് ആന്റിബോഡി പരിശോധനയിലൂടെ ഐസിഎംആർ സീറോ സർവയലൻസ് പഠനം നടത്തിയത്.
2020 മേയ്, ഓഗസ്റ്റ്, ഡിസംബർ മാസങ്ങളിലാണ് സീറോ സർവേ നടത്തിയത്. ദേശീയ തലത്തിൽ 21 ശതമാനം പേരിൽ കൊറോണ വന്നു പോയപ്പോൾ കേരളത്തിൽ 11.6 ശതമാനം പേരിലാണ് കൊറോണ വന്നുപോയതായി കണ്ടെത്തിയിരിക്കുന്നത്.
കേരളത്തിൽ തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകളിലാണ് മൂന്നാംഘട്ട സീറോ സർവയലൻസ് പഠനം നടത്തിയത്. 1244 ആന്റിബോഡി പരിശോധനകളാണ് നടത്തിയത്. അതിലാണ് 11.6 ശതമാനം പേരിലാണ് രോഗം വന്നുപോയതായി കണ്ടെത്തിയത്. മേയിൽ നടന്ന ഒന്നാം ഘട്ട പഠനത്തിൽ കേളത്തിൽ 0.33 ശതമാനം പേർക്ക് കൊറോണ വന്നു പോയപ്പോൾ ഇന്ത്യയിലത് 0.73 ശതമാനം ആയിരുന്നു.
ഓഗസ്റ്റിൽ നടന്ന രണ്ടാം ഘട്ട പഠനത്തിൽ കേളത്തിൽ 0.8 ശതമാനം പേർക്ക് കൊറോണ വന്നു പോയപ്പോൾ ഇന്ത്യയിലത് 6.6 ശതമാനം ആയിരുന്നു. കേരളത്തിൽ കൊറോണ വന്നു പോയവരുടെ എണ്ണം കുറവായതിനാൽ ജനങ്ങൾ ഇനിയും ജാഗ്രത പുലർത്തേണ്ടതാണെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.