ബംഗളൂരു: ഹോട്ടൽ ബിസിനസ് മറയാക്കി ലഹരി ഇടപാടിലൂടെ ബിനീഷ് പണം വെളുപ്പിച്ചെടുത്തത് കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ ക്ലാസിക് ഉദാഹരണമാണെന്ന് എൻഫോഴ്സ്മെൻ്റ്. ബംഗളൂരു ലഹരികടത്ത് കേസിലെ പ്രതി മുഹമ്മദ് അനൂപുമായി ബിനീഷ് കോടിയേരിക്ക് വർഷങ്ങളായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്ന് ഇഡി കുറ്റപത്രത്തിൽ പറയുന്നു. അനൂപിന്റെ ലഹരി ഇടപാടുകളെ കുറിച്ച് ബിനീഷിന് കൃത്യമായ അറിവുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം ഉറപ്പിച്ച് പറയുന്നു.
കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ഏഴ് വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ബിനീഷിനെതിരെ കുറ്റപത്രത്തിൽ ചുമത്തിയിട്ടുള്ളത്. രേഖകളില്ലാതെ 40 ലക്ഷത്തോളം രൂപയുടെ ഇടപാടുകൾ അനൂപുമായി ബിനീഷ് കോടിയേരി നടത്തിയെന്നാണ് കണ്ടെത്തൽ.
അനൂപ് തുടങ്ങിയ ബാങ്ക് അക്കൗണ്ടിന്റെ ഡെബിറ്റ് കാർഡ് ബിനീഷാണ് സ്ഥിരമായി ഉപയോഗിച്ചിരുന്നത്.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
അനൂപ് മുഹമ്മദിനെ ബിനാമിയാക്കി കമ്പനികൾ തുടങ്ങിയത് ബിനീഷാണെന്നും എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു.
അനൂപിൻ്റെ ലഹരി ഇടപാടുകളെകുറിച്ച് തനിക്ക് യാതൊരു അറിവുമുണ്ടായിരുന്നില്ലെന്ന ബിനീഷിന്റെ വാദത്തെ ഇഡി പൂർണമായും തള്ളി. ബിനീഷിനെതിരെയുള്ള വിചാരണ നടപടികൾ ഉടൻ ആരംഭിക്കും.