വിജയസാധ്യത പ്രധാന മാനദണ്ഡം; സ്ഥാനാർഥി പട്ടികയിൽ 50% പുതുമുഖങ്ങൾ: താരിഖ് അൻവർ

കൊച്ചി: സ്ഥാനാർഥി നിർണയ പട്ടികയിൽ 50 ശതമാനം പുതുമുഖങ്ങളെ പരിഗണിക്കുമെന്നു കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. വനിതകൾക്കും യുവാക്കൾക്കും മുൻതൂക്കം നൽകുന്നതോടൊപ്പം മുതിർന്ന നേതാക്കൾക്കും അർഹമായ പരിഗണന ലഭിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സ്ത്രീകൾ, യുവാക്കൾ എന്നിവയ്ക്കു പുറമെ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കും അർഹമായ പരിഗണന ഉറപ്പുവരുത്തിയായിരിക്കും സ്ഥാനാർഥി നിർണയം. വിജയസാധ്യത ആയിരിക്കും പ്രധാന മാനദണ്ഡം. ജനത്തിനും സേവനം നൽകിയവരെയും മാത്രമാകും പരിഗണിക്കുക. തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഉടനെ ചേരും. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഔദ്യോഗിക ചർച്ചകൾ ഈ ആഴ്ചതന്നെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനാർഥിയെ തിരഞ്ഞെടുപ്പിനു മുൻപു പ്രഖ്യാപിക്കുന്ന രീതി കോൺഗ്രസിനില്ല. അത്തരം കാര്യങ്ങൾ തിരഞ്ഞെടുപ്പിനുശേഷം എഐസിസി തീരുമാനിക്കും. കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണം എല്ലാ രംഗത്തും പരാജയമായിരുന്നു. സ്വർണക്കടത്ത് ഉൾപ്പെടെ നിരവധി അഴിമതി കേസുകൾ സർക്കാർ നേരിടുകയാണ്.

ഇത്തവണ ജനം യുഡിഎഫിനെ തിരഞ്ഞെടുക്കും. സർക്കാർ രൂപീകരിക്കാനാവുമെന്നു വലിയ ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വളരെ ഗൗരവത്തോടെയാണു പ്രകടന പത്രികയെ സമീപിക്കുന്നത്. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതായിരിക്കും. ഇതിനായി ശശി തരൂർ എംപിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശിച്ച് ആശയങ്ങൾ തേടും.

കർഷകർ, തൊഴിലാളികൾ, യുവാക്കൾ, വിദ്യാർഥികൾ, പൊതുജനങ്ങൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുമായി നേരിട്ടു സംവദിക്കും. ഇവരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ച് മികച്ച പ്രകടന പത്രികയ്ക്കു രൂപം നൽകും. സംസ്ഥാനത്തു യുഡിഎഫിനെതിരെ ബിജെപി-സിപിഎം കൂട്ടുകെട്ട് ഉണ്ടാകാം.

പാർട്ടിയെന്നതിന് അപ്പുറം കോൺഗ്രസ് രാജ്യത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിച്ച പ്രസ്ഥാനമാണ്. എല്ലാവർക്കുമായാണു കോൺഗ്രസ് നിലകൊള്ളുന്നത്. എല്ലാ വിഭാഗങ്ങളെയും ഞങ്ങളോടൊപ്പം ചേർത്തുനിർത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എഐസിസി സെക്രട്ടറി ഐവാൻ ഡിസൂസ, ഡിസിസി പ്രസിഡന്റ് ടി.ജെ.വിനോദ് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറിമാരായ ജോസഫ് , ദീപ്തി മേരി വർഗീസ്, റോയ് കെ.പൗലോസ്, ജെയ്‌സൺഎന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.