തിരുവനന്തപുരം: വഴിവിട്ട നിയമനങ്ങളെയും കൂട്ട സ്ഥിരപ്പെടുത്തലിനെയും ന്യായീകരിച്ച് സിപിഎമ്മും സര്‍ക്കാരും. ഏതെങ്കിലും പാര്‍ട്ടിക്കല്ല നിയമനമെന്നും പത്തും പതിനഞ്ചും വര്‍ഷം ജോലി ചെയ്തവരെയാണ് സ്ഥിരപ്പെടുത്തുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്‍ പറഞ്ഞു.ഡിവൈഎഫ്ഐ നേതാക്കളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് ‘അതൊക്കെ മാധ്യമങ്ങള്‍ വെറുതെ കൊടുത്തുകൊണ്ടിരിക്കു’മെന്നായിരുന്നു വിജയരാഘവന്റെ പ്രതികരണം.
കരാര്‍, ദിവസവേതനക്കാരെ സ്ഥിരപ്പെടുത്തുന്നത് പിഎസ് സി നിയമനം നടത്തേണ്ട തസ്തികകളിലല്ലെന്ന് ന്യായീകരിച്ച മന്ത്രി ഇപി ജയരാജന്‍ സര്‍ക്കാര്‍ നടപടി ജീവകാരുണ്യ പ്രവര്‍ത്തനമാണെന്നും ന്യായീകരിച്ചു. കൂട്ടസ്ഥിരപ്പെടുത്തല്‍ വിവാദമായ സാഹചര്യത്തിലാണ് ഇവരുടെ പ്രതികരണങ്ങള്‍.
ഈ സര്‍ക്കാറിന്റെ കാലത്ത് നിയമിച്ചവരെയല്ല സ്ഥിരപ്പെടുത്തുന്നത്. പത്തും 15ഉം 20ഉം കൊല്ലം ചെറിയ കൂലിക്ക് ജോലി ചെയ്തവരാണിവര്‍. ഇവരെ പുറത്താക്കണമെന്ന് പറയുന്നതില്‍ മനുഷ്യത്വമുണ്ടോ? അര്‍ഹതയില്ലാത്തവര്‍ക്ക് ജോലി കിട്ടിയാല്‍ മാത്രമേ പ്രശ്നമുള്ളൂ.’-അദ്ദേഹം പറഞ്ഞു.
പി.എസ്.സി പിണറായി സര്‍വിസ് കോര്‍പറേഷന്‍ ആയെന്ന കെ. സുരേന്ദ്രന്റെ പരിഹാസത്തോട് അദ്ദേഹത്തിന് കാര്യം മനസ്സിലായിട്ടില്ലെന്നായിരുന്നു പ്രതികരണം.എം.വി. രാജേഷിന്‍റെ ഭാര്യക്ക് യോഗ്യതയുണ്ടെങ്കില്‍ അവരെ പരിഗണിക്കുന്നതില്‍ തെറ്റില്ലെന്ന് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. സിപിഎമ്മിന്‍റെ നേതാക്കള്‍ പാകിസ്താനില്‍നിന്ന് വന്നവരല്ല. അവരെയെല്ലാം ഒഴിവാക്കിയാണോ കേരളത്തിലെ പൗരത്വമെന്നും ജയരാജന്‍ ചോദിച്ചു.