അടിയന്തര ഉപയോഗത്തിന് ഫൈസർ സമർപ്പിച്ചിരുന്ന അപേക്ഷ പിൻവലിച്ചു

ന്യൂഡെൽഹി: രാജ്യത്ത് കൊറോണ വാക്‌സിൻ അടിയന്തര ഉപയോഗത്തിനായി സമർപ്പിച്ചിരുന്ന അപേക്ഷ പിൻവലിച്ച് ഫൈസർ. ഡ്രഗ് റെഗുലേ‌റ്ററി അതോറി‌റ്റി ഓഫ് ഇന്ത്യ ഫെബ്രുവരി 3ന് വിളിച്ചു ചേർത്ത വിദഗ്‌ദ്ധ സമിതി യോഗത്തിൽ ഫൈസർ പങ്കെടുത്തിരുന്നു. ഇതിനുശേഷമാണ് അപേക്ഷ പിൻവലിക്കാൻ കമ്പനി തീരുമാനിച്ചത്.

നിലവിൽ നൽകിയ വിവരങ്ങൾക്ക് പുറമേ കൂടുതൽ വിവരങ്ങൾ ചേർത്ത് മ‌റ്റൊരു അപേക്ഷ സമർപ്പിക്കാനാണ് കമ്പനി ആലോചിക്കുന്നതെന്ന് കമ്പനി വക്‌താവ് അറിയിച്ചു. ഇന്ത്യയ്‌ക്ക് വേണ്ടി വാക്‌സിൻ നിർമ്മിക്കാൻ ഫൈസർ പ്രതിജ്ഞാബന്ധമാണ്. കൃത്യമായ വഴികളിലൂടെ അടിയന്തര ഉപയോഗത്തിന് വാ‌ക്‌സിൻ എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഫൈസർ വക്താവ് പറഞ്ഞു.

2020 ഡിസംബറിലാണ് ഇന്ത്യയിൽ ഫൈസർ വാക്‌സിൻ അടിയന്തര ഉപയോഗത്തിന് അപേക്ഷ സമർപ്പിച്ചത്. ബ്രിട്ടനാണ് ആദ്യമായി ഫൈസർ വാക്‌സിന് അംഗീകാരം നൽകിയ രാജ്യം. ഇതിനുപുറമേ പ്രത്യേക നിയമപ്രകാരം ഇന്ത്യയിലും അംഗീകാരത്തിന് ഫൈസർ അപേക്ഷ സമർപ്പിച്ചു.