ഹാഗിയ സോഫിയ പരാമർശിച്ചുള്ള ചാണ്ടി ഉമ്മന്റെ വിവാദ പ്രസംഗത്തിനെതിരേ കെസിബിസി; ഖേദം പ്രകടിപ്പിച്ച് ചാണ്ടി ഉമ്മൻ

കൊച്ചി: ഹാഗിയസോഫിയ പരാമർശിച്ചുള്ള ചാണ്ടി ഉമ്മന്റെ വിവാദ പ്രസംഗത്തിനെതിരേ കെസിബിസി. ചാണ്ടി ഉമ്മൻ്റെ പ്രസംഗം ക്രൈസ്തവ സമൂഹത്തിന് വേദന നൽകുന്നതാണെന്നും ചരിത്രം അറിയാൻ യുവ നേതാക്കൾ ശ്രമിക്കണമെന്നും കെസിബിസി പറഞ്ഞു. അതേസമയം, വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് ചാണ്ടി ഉമ്മൻ രം​ഗത്തെത്തി.

തുർക്കി ഭരണാധികാരിയുടെ ചരിത്ര അഹേളനം വെള്ളപൂശാൻ ശ്രമിക്കുകയാണ് ചാണ്ടി ഉമ്മൻ, ഇതിൻ്റെ ലക്ഷ്യം വ്യക്തമാക്കണമെന്നും കെസിബിസിയുടെ വാർത്താ കുറിപ്പിൽ പറഞ്ഞു. ഹാഗിയസോഫിയ കത്തീഡ്രൽ ഒരു വലിയ ചരിത്രപാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്നതും കോൺസ്റ്റാന്റിനോപ്പിൾ പാർത്രിയാക്കിസിന്റെ സ്ഥാനിക ദേവാലയവുമായിരുന്നു.

വലിയതോതിൽ മതപീഡനം ഏറ്റുവാങ്ങിയ ഒരു വലിയ വിഭാഗം ക്രൈസ്തവ ജനതയെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നതാണ് ഈ കത്തീഡ്രൽ. തുർക്കി ഭരണാധികാരി, ചരിത്രസ്മാരകത്തെ വീണ്ടും മോസ്ക്കാക്കി മാറ്റിയത് ക്രൈസ്തവസമൂഹത്തിന് അപരിഹാര്യമായ മുറിവാണ് ഉണ്ടാക്കിയതെന്ന് അറിയാത്തവരാണോ ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം ?- കെസിബിസി കുറിപ്പിൽ ചോദിക്കുന്നു.

അതേസമയം ഹാഗിയ സോഫിയ പരാമർശിച്ചത് തെറ്റിദ്ധാരണ പരത്തിയെന്നും ഒരു മതസമൂഹത്തെ അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. വീഴ്ചയുണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മന:പൂർവ്വമല്ല പരാമർശം നടത്തിയതെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.