മിതഭാഷിയായ ഹൈദരലി തങ്ങൾ സിപിഎമ്മിനെ വലിച്ചുകീറി; മാന്യതയില്ലാത്ത രാഷ്ട്രീയമെന്ന് പരാമർശം

കോഴിക്കോട്: ആദ്യമായിട്ടാണ് ഹൈദരലി തങ്ങൾ ഇത്രയും രക്ഷമായ ഭാഷയിൽ സിപിഎമ്മിനെ വിമർശിക്കുന്നത്. സാധാരണ മിതഭാഷിയായി കാണാറുള്ള നേതാവാണ് ഇദ്ദേഹം. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവനയാണ് ഹൈദരലി തങ്ങളെ പ്രകോപിപ്പിച്ചത്. കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട് തങ്ങളുടെ വീട്ടിലെത്തിയതിനെ വർഗീയമായി ചിത്രീകരിച്ചിരുന്നു വിജയരാഘവൻ.

ഈ ഘട്ടത്തിൽ സിപിഎമ്മിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾ. മാന്യതയില്ലാത്ത രാഷ്ട്രീയമാണ് സിപിഎം നടത്തുന്നതെന്ന് തങ്ങൾ കുറ്റപ്പെടുത്തി. മുന്നണിയിലെ ഘടകകക്ഷി നേതാക്കൾ തമ്മിലുള്ള ചർച്ചയിൽ പോലും വർഗീയത ദർശിക്കുകയാണ് അവർ. വർഗീയ ധ്രുവീകരണമുണ്ടാക്കി മുതലെടുക്കാനാണ് സപിഎമ്മും ബിജെപിയും ശ്രമിക്കുന്നതെന്നും ഹൈദരലി തങ്ങൾ പറഞ്ഞു. കോഴിക്കോട് ഐശ്വര്യ കേരള യാത്രയുടെ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു തങ്ങൾ.

ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നു. കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾ രംഗത്തുവന്നു. വൈകാതെ വിജയരാഘവന് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വിമർശനം നേരിടേണ്ടി വന്നു എന്നാണ് റിപ്പോർട്ടുകൾ. മുതിർന്ന കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾ പങ്കെടുത്ത കോഴിക്കോട്ടെ ഐശ്വര്യ കേരള യാത്ര സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തത് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ ആയിരുന്നു.