കുറച്ചെങ്കിലും നട്ടെല്ലുണ്ടായിരുന്നെങ്കിൽ ഇവർ രക്ഷപെട്ടേനെ; ഹീറോയെ വിവേകത്തോടെ തിരഞ്ഞെടുക്കുക: സച്ചിനെ ഉന്നമിട്ട് സിദ്ധാർഥ്; പ്രതിഷേധം ശക്തം

ന്യൂഡെൽഹി: കർഷക സമരത്തിന് ആഗോള ശ്രദ്ധ ലഭിച്ചതിൽ രാജ്യത്തുയരുന്ന എതിർപ്പുകൾക്കെതിരെ പ്രതികരിച്ച് സൊനാക്ഷി സിൻഹയും നടൻ സിദ്ധാർത്ഥും. നിങ്ങളുടെ ഹീറോയെ വിവേകത്തോടെ തിരഞ്ഞെടുക്കുക. അല്ലെങ്കിൽ അവർ അത്യുന്നതങ്ങളിൽ നിന്ന് മൂക്കും കുത്തി വീഴുന്നത് കാണേണ്ടി വരുമെന്നാണ് സച്ചിനെ ഉന്നമിട്ട് സിദ്ധാർഥിന്റെ ട്വീറ്റ്.

വിദ്യാഭ്യാസം, ദീനാനുകമ്പ, സത്യസന്ധത, കുറച്ചെങ്കിലും നട്ടെല്ല് .. അത്രയുമുണ്ടായിരുന്നെങ്കിൽ ഇവർ രക്ഷപെട്ടേനെയെന്നും താരം കുറിച്ചു. ഒരു കാര്യത്തിലും നിലപാടെടുക്കാത്ത കരുത്തരായ ചിലർ പെട്ടെന്ന് ഒരേയീണത്തിലും താളത്തിലും പാടാനും ഒരേ പാതയിൽ സഞ്ചരിക്കാനും തുടങ്ങുന്നതിനെയാണ് പ്രൊപ്പഗാൻഡ എന്ന് പറയുന്നത്. നിങ്ങളുടെ പ്രൊപ്പഗാൻഡ ഏതെന്ന് തിരിച്ചറിയുക എന്നും കടുത്ത മോദി വിമർശകൻ കൂടിയായ സിദ്ധാർഥിന്റെ തുറന്നടിച്ചിട്ടുണ്ട്.

കർഷക സമരത്തെയും അതിന് ലഭിക്കുന്ന പിന്തുണയെയും ആക്ഷേപിക്കുന്നതിനെതിരെ സൊനാക്ഷി രൂക്ഷ വിമർശനം നടത്തി. മനുഷ്യർ മനുഷ്യർക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് ഇനിയെങ്കിലും പറഞ്ഞ് ശീലിക്കൂ, ബാഹ്യ ശക്തികളൊന്നും ഇല്ലെന്നും അത്തരം പ്രചാരണങ്ങൾ വ്യാജമാണെന്നും സൊനാക്ഷി തുറന്നടിച്ചു.

മാധ്യമപ്രവർത്തകരെ അപമാനിക്കുന്നു, തടയുന്നു. ഇന്റർനെറ്റ് വിചേഛദിക്കുന്നു, പ്രതിഷേധിക്കുന്നവരെ ഒറ്റപ്പെടുത്തുന്നു, സർക്കാർ വിദ്വേഷം പ്രചരിപ്പിക്കുന്നു ഇതൊക്കെയാണ് എതിർക്കപ്പെടേണ്ടത്. ഇത്തരം സംഭവങ്ങൾ ഉണ്ടായത് കൊണ്ടാണ് ആഗോള ചർച്ചകൾ ഉയർന്നത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയരുന്നത് സ്വാഭാവികമാണെന്നും സൊനാക്ഷി കൂട്ടിച്ചേർത്തു.