ന്യൂഡെൽഹി: ഒന്നരവർഷത്തിന് ശേഷം കശ്മീരിൽ 4 ജി ഇൻറർനെറ്റ് സേവനങ്ങൾ പുനസ്ഥാപിച്ചു. ഇൻ്റർനെറ്റ് സേവനം പുനസ്ഥാപിച്ച കാര്യം കശ്മീർ വൈദ്യുതി വാർത്താസേവന പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കാൻസൽ ആണ് അറിയിച്ചത്. ജമ്മു കശ്‌മീരിൻ്റെ പ്രത്യേകപദവി കേന്ദ്രസർക്കാർ പിൻവലിച്ചതിന് ശേഷം ഇതാദ്യമായാണ് താഴ് വരയിൽ 4 ജി സേവനങ്ങൾ ലഭ്യമാക്കുന്നത്.
ഇക്കഴിഞ്ഞ ജനുവരി 25ന് കശ്മീരിലെ 2ജി ഇൻറർനെറ്റ് സേവനങ്ങൾ പുനസ്ഥാപിച്ചിരുന്നു. ഈ മാസം തുടക്കത്തിൽ താഴ്‍വരയിൽ 4ജി സേവനങ്ങൾ പുനസ്ഥാപിക്കേണ്ട സാധ്യത പഠിക്കാൻ ജമ്മു കശ്മീർ ഭരണകൂടത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
2019 ആഗസ്റ്റ് അഞ്ചിനാണ് മേഖലയിൽ ഇൻറർനെറ്റിന് നിയന്ത്രണം കൊണ്ടുവരുന്നത്. അതെ സമയം താഴ്‍വരയിൽ ഇൻറർനെറ്റ് പുനസ്ഥാപിച്ചതിൽ പ്രതികരണവുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ട്വിറ്ററിലൂടെ രംഗത്തുവന്നു.
‘4 ജി മുബാറക്ക്, 2019 ആഗസ്റ്റിന് ശേഷം ഇതാദ്യമായി ജമ്മു കശ്മീരിൽ 4ജി ഇൻറർനെറ്റ് സേവനം. ഒന്നുമില്ലാത്തതിലും ഭേദമാണ് വൈകിയെത്തിയ ഈ 4ജി ‘എന്നാണ് അദ്ദേഹം ട്വിറ്ററില് രേഖപ്പെടുത്തിയത്.