കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ രാജ്കുമാറിനെ അന്യായമായി കസ്റ്റഡിയിൽ മർദ്ദിച്ചു കൊലപ്പെടുത്തിയെന്ന് സിബിഐ കുറ്റപത്രം. രാജ്കുമാറിനെതിരെ പ്രതികൾ വ്യാജ തെളിവുകൾ പ്രതികളുണ്ടാക്കിയെന്നും കുറ്റപത്രത്തിൽ പറയുന്നു. കുറ്റപത്രം എറണാകുളം സിജെഎം കോടതിയിൽ സമർപ്പിച്ചു.
ഹരിത ഫിനാൻസ് ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വാഗമൺ സ്വദേശി രാജ്കുമാറിനെ കസ്റ്റഡിയിൽ മർദ്ദിച്ചു കൊന്ന കേസിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. സംഭവസമയം നെടുങ്കണ്ടം എസ്.ഐ ആയിരുന്ന കെ.എ.സാബുവാണ് കേസിൽ ഒന്നാം പ്രതി. ഇദ്ദേഹത്തെ കൂടാതെ അതേ സ്റ്റേഷനിൽ എട്ട് പൊലീസുകാരെ കൂടി സിബിഐ കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് അന്നത്തെ ഇടുക്കി എസ്.പി വേണുഗോപാൽ, ഡിവൈഎസ്പിമാരായ ഷംസുദ്ദീൻ, ജയിൽ ഉദ്യോഗസ്ഥർ, ഡോക്ടർമാർ എന്നിവർക്കെതിരെ അന്വേഷണം തുടരുകയാണെന്നും കുറ്റപത്രത്തിൽ സിബിഐ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ഏഴ് പൊലീസുകാരെയാണ് കേസിൽ പ്രതികളാക്കിയിരുന്നത്. ഒരു ഹെഡ് കോൺസ്റ്റബിളിനേയും ഒരു വനിതാ പൊലീസുദ്യോഗസ്ഥയേയും സിബിഐ കേസിൽ അധികമായി പ്രതി ചേർത്തു.