കോട്ടയം: പാലാ സീറ്റിന്റെ കാര്യത്തിൽ വാശിപിടിച്ചു നിന്ന മാണി സി.കാപ്പൻ അയയുന്നു. എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ പറഞ്ഞാൽ പാലായിൽ നിന്ന് പിൻമാറാൻ തയ്യാറാണെന്ന് മാണി സി.കാപ്പൻ പ്രതികരിച്ചു. തന്റെ നേതാവ് ശരദ് പവാറാണെന്നും അദ്ദേഹം പറഞ്ഞാൽ അനുസരിക്കുമെന്നും കാപ്പൻ പറഞ്ഞു.
“ഞങ്ങൾ മത്സരിച്ച നാലു സീറ്റിലും മത്സരിക്കുമെന്ന് അസന്നിഗ്ധമായി ശരത്പവാറും പ്രഫുൽ പട്ടേലും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഫുൽ പട്ടേൽ സിപിഎം നേതാക്കളുമായുള്ള ചർച്ചകൾക്കായി കേരളത്തിലെത്തും. ശനിയാഴ്ചയോ ഞായറാഴ്ചയോ ആയിരിക്കും ചർച്ച”, മാണി സി. കാപ്പൻ പറഞ്ഞു. പാലായുടെ കാര്യത്തിൽ യാതൊരു വിധ വിട്ടുവീഴ്ചകൾക്കുമില്ലെന്നായിരുന്നു ഇതുവരെയുള്ള മാണി സി കാപ്പന്റെ നിലപാട്.
ബുധനാഴ്ച പവാറുമായി സംസ്ഥാന നേതാക്കളായ മാണി സികാപ്പനും എ.കെ ശശീന്ദ്രനും ടിപി പീതാംബരനും ചർച്ച നടത്തിയിരുന്നു. സിപിഎം കേന്ദ്രനേതാക്കളും വിഷയത്തിൽ ഇടപെട്ടതോടെയാണ് എൻസിപി മുന്നണിമാറ്റത്തിൽ നിന്ന് പിൻമാറിയത്. എന്നാൽ ഇടതുമുന്നണി വിടുന്നതിനോട് എൻസിപി ദേശീയ നേതൃത്വം വിമുഖത കാണിച്ചതോടെയാണ് മാണി സി. കാപ്പന്റെ നിലപാടിൽ അയവു വന്നത്.