വീണ്ടും ഇരുട്ടടി; ഇന്ധനവില വർധനവിന് പിന്നാലെ പാചകവാതക വിലയും വർധിച്ചു; 26 രൂപയുടെ വർധന

ന്യുഡെൽഹി: ഇന്ധനവില വർധനവിന് പിന്നാലെ ഇരുട്ടടിയായി പാചക വാതക വിലയും വർധിച്ചു. വീടുകളിലേക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിൻ മേൽ 26 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു സിലിണ്ടർ പാചകവാതകത്തിൻ്റെ വില 726 രൂപയായി. തിരുവനന്തപുരത്ത് 728.50 രൂപയും കോഴിക്കോട് 728 രൂപയുമാണ് വില.

പുതുക്കിയ വില ഇന്നു മുതൽ നിലവിൽ വന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 126 രൂപയുടെ വർധനയാണ് പാചകവാതകത്തിനുണ്ടായത്. 2020 ഡിസംബർ 2-ന് 50 രൂപയും രണ്ടാഴ്ച കഴിഞ്ഞ് ഡിസംബർ 15-ന് വീണ്ടും അൻപത് രൂപയും വർധിപ്പിച്ചിരുന്നു. ഇതോടെ 600 രൂപയുണ്ടായിരുന്ന സിലിണ്ടറിൻ്റെ വില 726 ആയി ഉയർന്നു.

വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിൻഡറിന്റെ വില ദിവസങ്ങൾക്ക് മുൻപ് കമ്പനികൾ കൂട്ടിയിരുന്നു. 19 കിലോ​ഗ്രാമിന്റെ സിലിൻഡറിന് 191 രൂപയാണ് കൂടിയത്. ഇതോടെ 1335.50 രൂപയിൽ നിന്ന് 1528.50 രൂപയിലേക്കാണ് വില വർധിച്ചത്. ഈ വർഷം ആദ്യം വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും വിലയിൽ മാറ്റം വരുത്തിയിരിക്കുന്നത്.