തേജസ് യുദ്ധവിമാനത്തിൽ പറന്ന് ബിജെപി എംപി തേജസ്വി സൂര്യ; രാജ്യത്തിനുള്ള ബെംഗളൂരുവിന്റെ സമ്മാനം

ബെംഗളൂരു: തേജസ് യുദ്ധവിമാനത്തിൽ പറന്ന് ബിജെപി എംപി തേജസ്വി സൂര്യ. ബെംഗളൂരുവിൽ നടന്ന എയറോ ഇന്ത്യ എയർഷോയിലാണ് തേജസ്വി യുദ്ധ വിമാനത്തിൽ കയറിയത്. തദ്ദേശീയമായി നിർമ്മിച്ച യുദ്ധവിമാനത്തിലാണ് തേജസ് സൂര്യ പറന്നത്. ചിത്രങ്ങൾ അദ്ദേഹം ട്വീറ്റ് ചെയ്തു. എൽസിഎ തേജസ് വിമാനങ്ങൾ ആത്മനിർഭർ ഭാരതിന്റെ മാതൃകയാണ് തേജസ്വി സൂര്യ അഭിപ്രായപ്പെട്ടു.

ശാസ്ത്ര സാങ്കേതിക രംഗത്തെ ഇന്ത്യയുടെ കുതിപ്പാണിതെന്നും തേജസ് വിമാനങ്ങൾ രാജ്യത്തിനുള്ള ബെംഗളൂരുവിന്റെ സമ്മാനമാണിതെന്നും എംപി പറഞ്ഞു. തേജസ് വിമാനത്തിൽ പറക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആർമി ചീഫ് ബിബിൻ റാവത്തും ബാഡ്മിന്റൺ താരം പിവി സിന്ധുവും വിമാനത്തിൽ പറന്നു.

2024 മാർച്ചോടെ തേജസ് വിമാനങ്ങൾ വ്യോമസേനക്ക് നൽകാനാകുമെന്ന് എച്ച്എഎൽ സിഎംഡി ആർ മാധവൻ പറഞ്ഞു. കേന്ദ്ര സർക്കാർ 83 തേജസ് എംകെ 1എ വിമാനങ്ങൾക്കായി എച്ച്എഎല്ലുമായി 48000 കോടി രൂപയുടെ കരാർ ഒപ്പിട്ടിരുന്നു. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിലെ ഏറ്റവും ഉയർന്ന കരാറാണ് കേന്ദ്ര സർക്കാർ ഒപ്പിട്ടത്.