കൊച്ചി: കേരളത്തിലെ എൻഡിഎ ഘടകക്ഷിയായ ബിഡിജെഎസ് പിളർന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എംകെ നീലകണ്ഠൻ മാസ്റ്ററുടെ നേതൃത്വത്തിൽ പുതിയ സഘടന പ്രഖ്യാപിച്ചു. ഭാരതീയ ജനസേന (ബിജെഎസ്) എന്നാണ് പുതിയ സംഘടനയുടെ പേര്. ബിഡിജെഎസിലെ ഭൂരിപക്ഷം സംസ്ഥാന കൗൺസിൽ നേതാക്കളും 11 ജില്ലാ കമ്മിറ്റികളും ഒപ്പമുണ്ടെന്ന് ബിഡിജെഎസ് വിട്ടവർ അവകാശപ്പെട്ടു.
യുഡിഎഫ് അനുകൂല നിലപാട് സ്വീകരിക്കുമെന്ന് നേതാക്കൾ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എൽഡിഎഫിനെ വീണ്ടും അധികാരത്തിലെത്തിക്കാനായി ബിജെപി ഒത്തുകളിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു. ബിഡിജെഎസ് ബിജെപിയുടെ ചട്ടുകമാണിന്ന്. രാഷ്ട്രീയമായി അപ്രസക്തമായ ബിഡിജെഎസ്സിൽ തുടരാനാവില്ല. എൻഡിഎയിലാണെങ്കിൽ പോലും ബിഡിജെഎസ്സിന് വിലയുണ്ടായില്ല. ഇതിന്റെ ഭാഗമായാണ് പുതിയ സംഘടന.
“ഗൂഢാലോചനയിൽ ഞങ്ങൾ അതൃപ്തി രേഖപ്പെടുത്തുന്നു. അതിനാൽ എൻഡിഎയിൽ ഒരു നിമിഷം പോലും പ്രവർത്തിക്കാൻ സാധിക്കില്ല. വലിയ പ്രഖ്യാപനങ്ങൾ പ്രാബല്യത്തിൽ വരാൻ ഞങ്ങൾക്ക് വിശ്വാസം യുഡിഎഫിനെയാണ്. വ്യക്തമായും പൂർണമായും യുഡിഎഫിൽ വിശ്വാസം അർപ്പിച്ച് ഭാരതീയ ജനസേന പ്രവർത്തിക്കും. 12 ഓളം സമുദായ സംഘടനകൾ തങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു.
എൻ.കെ നീലകണ്ഠൻ (പ്രസിഡന്റ്), വി.ഗോപകുമാർ, കെ.കെ ബിനു (വർക്കിങ് പ്രസിഡന്റുമാർ), കെ.എസ്.വിജയൻ (ജനറൽ സെക്രട്ടറി), ബൈജു എസ്.പിള്ള (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ 15 അംഗ സംസ്ഥാന സെക്രട്ടേറിയറ്റും 50 അംഗ സംസ്ഥാന എക്സിക്യൂട്ടീവിനെയും പുതിയ വിഭാഗം പ്രഖ്യാപിച്ചു.