ന്യൂഡെൽഹി: കർഷക സമരത്തിൻ്റെ ഭാഗമായി നടത്തിയ ട്രാക്ടർ റാലിക്കിടെ സിഖ് യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട ട്വീറ്റുകൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ്സുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശശി തരൂർ എംപിയും മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിയും ഉൾപ്പടെയുള്ളവർ സുപ്രീം കോടതിയെ സമീപിച്ചു. മാധ്യമപ്രവർത്തകരായ മൃണാൾ പാണ്ഡെ, സഫർ ആഗ, പരേഷ് നാഥ്, അനന്ത് നാഥ് എന്നിവരും കേസ്സുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലുള്ള കേസ്സുകൾ റദ്ദാക്കണമെന്നാണ് ആവശ്യം. തെറ്റായ വാർത്ത പ്രചരിപ്പിക്കുകയും സമൂഹത്തിൽ അസ്വസ്ഥത പടർത്താൻ ശ്രമിച്ചതിനുമാണ് കേസ് വിവിധ കേസ്സുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, വിവിധ വിഭാഗങ്ങൾക്ക് ഇടയിൽ വിദ്വേഷം പടർത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ട്രാക്ടർ റാലിക്കിടെ കർഷകൻ വെടിയേറ്റു മരിച്ചെന്ന് ട്വീറ്റ് ചെയ്ത ശശി തരൂർ എംപിക്കെതിരേ യുപി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. കർഷകൻ മരിച്ചത് ട്രാക്ടർ മറിഞ്ഞാണെന്ന് ഡെൽഹി പോലീസ് പിന്നീട് ദൃശ്യങ്ങൾ സഹിതം വിശദീകരിച്ചിരുന്നു. ഇതിൻ്റെ പേരിലാണ് വിവിധ സംസ്ഥാനങ്ങൾ കേസെടുത്തത്.