ന്യൂഡെൽഹി: ബിജെപി ബൗദ്ധിക വിഭാഗത്തിന്റെ തലവനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറ്റ തോഴനുമായ ആർ ബാലശങ്കർ ചെങ്ങന്നൂരിൽ പാർട്ടി സ്ഥാനാർഥിയാകും. ദേശീയ നേതൃത്വത്തിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുകയാണ് ഇദ്ദേഹം. പാർട്ടിയുടെ ബൗദ്ധിക വിഭാഗത്തിന്റെ തലവനായ ബാലശങ്കർ കേരളത്തിൽ പ്രവർത്തിക്കണമെന്ന താത്പര്യം മോദി ഉൾപ്പടെ ദേശീയ നേതൃത്വം അറിയിച്ചതിനെ തുടർന്നാണ് ജന്മനാട്ടിലേക്ക് വരുന്നത്.
മുപ്പത് വർഷം മുമ്പ് പത്രപ്രവർത്തകനായാണ് ബാലശങ്കർ ഡെൽഹിയിലെത്തിയത്. അടിയന്തരാവസ്ഥക്കാലത്തെ ആർ എസ് എസിന്റെ പ്രവർത്തനങ്ങളെ കുറിച്ച് പുസ്തകമെഴുതാൻ ആർ എസ് എസ് ചുമതലപ്പെടുത്തിയത് ഗുജറാത്തിൽ പ്രചാരകനായിരുന്ന നരേന്ദ്ര മോദിയെയും ബാലശങ്കറിനെയുമാണ്.
ബാലശങ്കർ എഴുതിയ ‘നരേന്ദ്ര മോദി, ക്രിയേറ്റീവ് ഡിസ്റപ്റ്റർ’ എന്ന പുസ്‌തകം എട്ട് ഭാഷകളിലാണ് ബി ജെ പി പുറത്തിറക്കിയത്. ആർ എസ് എസ് മുഖപത്രമായ ദി ഓർഗനൈസറിന്റെ എഡിറ്ററായി ദീർഘകാലം പ്രവർത്തിച്ചു. ചെങ്ങന്നൂർ മണ്ഡലത്തിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 38,666 വോട്ട് ലഭിച്ചിരുന്നു. വലിയ പ്രതീക്ഷയോടെയാണ് ബി ജെ പി ചെങ്ങന്നൂരിനെ ഉറ്റുനോക്കുന്നത്.
സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ച് ആര്‍ ബാലശങ്കറും രംഗത്തെത്തിയിട്ടുണ്ട്. മത്സരിക്കുന്നെങ്കില്‍ ചെങ്ങന്നൂരില്‍ മത്സരിക്കും. മറ്റു മണ്ഡലങ്ങളിലെവിടെയും മത്സരിക്കാനില്ലെന്നും ബാലശങ്കര്‍ പറഞ്ഞു.
ഇപ്പോഴും പ്രവര്‍ത്തന മണ്ഡലം ഡെല്‍ഹിയാണ്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ചെങ്ങന്നൂര്‍ മണ്ഡലത്തിലാണ് മത്സരിക്കാന്‍ താത്പര്യം. സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. പാര്‍ട്ടിയുടെ നേതാക്കന്മാര്‍ എന്താണ് ആഗ്രഹിക്കുന്നത് അത് നടത്തും. ചെങ്ങന്നൂരുകാരനായതിനാല്‍ അവിടെ മത്സരിക്കും.
ചെങ്ങന്നൂരുമായി നല്ല ബന്ധമുണ്ട്. വേറൊരു മണ്ഡലത്തിലും മത്സരിക്കാന്‍ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ സജീവമാകാനോ സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തിലേക്ക് വരാനോ താൻ ഉദ്ദേശിക്കുന്നില്ലെന്നും ബാലശങ്കർ വ്യക്തമാക്കി.