കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലും ജാമ്യം. പ്രത്യേക സാമ്പത്തിക കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വർണക്കടത്ത് , കള്ളപ്പണക്കേസുകളിലും എം ശിവശങ്കറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഡോളര്‍ കടത്ത് കേസിൽ കൂടി ജാമ്യം കിട്ടിയതോടെ എം ശിവശങ്കറിന് ഇന്ന് പുറത്തിറങ്ങാം. രണ്ടുലക്ഷം രൂപ ബോണ്ട് നല്‍കണം. രണ്ടുപേര്‍ ജാമ്യം നില്‍ക്കണം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്.
ഡോളർ കടത്തുമായി യാതൊരു പങ്കില്ലെന്നും ഒരു തെളിവും ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു എം ശിവശങ്കറിന്റെ വാദം. കസ്റ്റഡിയിൽ ഇരിക്കുന്ന പ്രതികൾ നൽകിയ മൊഴി മാത്രമാണ് അന്വേഷണ സംഘത്തിന്‍റെ കൈവശം ഉള്ളതെന്നും ശിവശങ്കര്‍ കോടതിയിൽ വാദിച്ചു. സ്വർണക്കടത്ത് കേസ്, കള്ളപ്പണക്കേസ്, ഡോളർ കടത്ത് എന്നിങ്ങനെ മൂന്ന് കേസുകളിലാണ് ശിവശങ്കറിനെ കസ്റ്റംസും ഇഡിയും അറസ്റ്റ് ചെയ്യുന്നത്. എന്നാൽ ഒന്നരക്കോടി രൂപയുടെ ഡോളര്‍ കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.
2020 ഒക്ടോബർ 28-നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ നവംബറിൽ സ്വർണക്കടത്ത് കേസിലും ജനുവരിയിൽ ഡോളർ കടത്ത് കേസിലും കസ്റ്റംസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വർണക്കടത്ത് കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ഇതിനോടകം ശിവശങ്കറിനെ ജാമ്യം ലഭിച്ചിട്ടുണ്ട്.
ശിവശങ്കർ കള്ളപ്പണം സമ്പാദിച്ചതായി കണ്ടെത്താൻ പ്രോസിക്യൂഷന് കണ്ടെത്താൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ആ കേസിലും ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നൽകി. എന്നാൽ ഡോളർ കടത്ത് കേസിൽ ഉൾപ്പെട്ടതിനാൽ ശിവശങ്കറിന് പുറത്തിറങ്ങാനായിരുന്നില്ല. ഡോളര്‍ കടത്ത് കേസില്‍ കഴിഞ്ഞ ആഴ്ചയാണ് കസ്റ്റംസ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി അനുമതിയോടെ ആയിരുന്നു നടപടി. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കര്‍ റിമാന്‍ഡിലായിരുന്നു. ഈ മാസം 9 വരെയാണ് റിമാന്‍ഡ് കാലാവധി.