ന്യുഡെൽഹി: പ്രശസ്ത പോപ് ഗായിക റിഹാന്നയ്ക്ക് പിന്നാലെ പരിസ്ഥിതി മുന്നേറ്റത്തിലെ പുതിയ താരമായ ഗ്രേറ്റ ട്യൂൻബർഗും കർഷക സമരത്തിന് പിന്തുണയുമായെത്തി. ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ് ഗ്രേറ്റ സമരത്തെ പിന്തുണച്ചത്. 2019ൽ യു.എൻ കാലാവസ്ഥ ഉച്ചകോടിയിൽ ലോകനേതാക്കൾക്ക് മുൻപിൽ വികാരനിർഭരമായി നടത്തിയ പ്രസംഗമാണ് ഗ്രേറ്റയെ രാജ്യാന്തരതലത്തിൽ ശ്രദ്ധേയയാക്കിയത്.
ഗ്രേറ്റ ട്യൂൻബർഗിനെ നോബേൽ സമ്മാനത്തിന് നാമനിർദേശിച്ചിട്ടുണ്ട്. മുമ്പ് കൊറോണ സാഹചര്യത്തിൽ നീറ്റ്, ജെഇഇ പരീക്ഷകൾ നീട്ടിവെയ്ക്കണമെന്ന വിദ്യാർഥികളുടെ ആവശ്യത്തെ അനുകൂലിച്ച് ഗ്രേറ്റ രംഗത്തെത്തിയിരുന്നു.
നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന, പഞ്ചാബ്, യു.പി അടക്കമുളള സംസ്ഥാനങ്ങളിൽ നിന്നുളള കർഷകർ രണ്ടുമാസത്തിലേറെയായി ഡെൽഹി അതിർത്തിയിൽ സമരം തുടരുകയാണ്. റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ റാലി ആക്രമസക്തമായിരുന്നു. ദേശീയസ്മാരകമായ ചെങ്കോട്ടയിൽ അതിക്രമിച്ച് കയറിയ സമരക്കാർ കർഷക സംഘടനകളുടെ കൊടിനാട്ടിയിരുന്നു.
പ്രക്ഷോഭത്തിന്റെ പശ്ചാതലത്തിൽ നിയമങ്ങൾ ഒന്നര വർഷത്തേക്ക് നിയമങ്ങൾ മരവിപ്പിക്കാമെന്ന് കേന്ദ്ര സർക്കാർ കർഷക സംഘടനകൾക്ക് വാഗ്ദാനം നൽകിയിരുന്നു. കാർഷിക നിയമങ്ങളെ കുറിച്ച് സർക്കാർ ചർച്ചൾക്ക് തയാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ പാർലമെന്റിൽ അറിയിച്ചിരുന്നു.
ഡെൽഹിയുടെ അതിർത്തികളിൽ കർഷകർ പ്രക്ഷോഭം ആരംഭിച്ചത് മുതൽ പതിനൊന്ന് വട്ടമാണ് സർക്കാർ സംഘടനകളുമായി ചർച്ച നടത്തിയത്. നിയമങ്ങൾ പിൻവലിക്കണമെന്നും താങ്ങുവില ഉറപ്പാക്കുന്നതിന് നിയമനിർമാണം നടത്തണമെന്നുമാണ് കർഷകരുടെ ആവശ്യം.