ന്യൂഡെൽഹി : രാജ്യസഭയിൽ കാർഷിക നിയമത്തിന് എതിരേ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കിയ മൂന്ന് ആം ആദ്മി പാർട്ടി എംപിമാർക്ക് അച്ചടക്ക ലംഘനം നടത്തിയതിന് സസ്പെൻഷൻ. ബഹളം വെച്ച എം പിമാരെ രാജ്യസഭാധ്യക്ഷൻ ഉപരാഷ്ട്രപതി വെങ്കൈയ്യ നായിഡുവാണ് ഒരു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്. സഞ്ജയ് സിങ്, നാരായൺ ദാസ് ഗുപ്ത, സുശീൽ ഗുപ്ത എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
രാവിലെ സഭാസമ്മേളനം ആരംഭിച്ചതു മുതൽ ഇവർ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കുകയായിരുന്നു. തുടർന്ന് സഭ 9.40വരെ നിർത്തിവച്ചു. പിന്നീട് സഭ ചേർന്നപ്പോഴാണ് ഇവരെ സസ്പെൻഡ് ചെയ്തത്. സഭയിൽ നിന്നും പുറത്തുപോകാൻ തയ്യാറാകാത്ത എം.പിമാരെ മാര്‍ഷലുകള്‍ ബലം പ്രയോഗിച്ച് പുറത്താക്കി.
അതേസമയം സഭയിൽ കാർഷിക നിയമങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ 15 മണിക്കൂർ അനുവദിക്കണമെന്ന കാര്യത്തിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ ധാരണയിലെത്തി. കാർഷിക നിയമങ്ങൾ കർഷകരുടെ ജീവതം മെച്ചപ്പെടുത്തുന്നതാണെന്ന് സഭയിൽ ബിജെപി ആവർത്തിച്ചു. ബജറ്റിലെ നന്ദി പ്രമേയ ചർച്ച രാജ്യസഭയിൽ പുരോഗമിക്കുകയാണ്.