നയ്പിറ്റോ: ഭരണകക്ഷി നേതാക്കളെ തടവിലാക്കിയ മ്യാന്മറിൽ വീണ്ടും പട്ടാള ഭരണം. ഓംഗ് സാന്‍ സുചിയും പ്രസിഡന്റ് വിന് മിന്‍ടും അറസ്റ്റില്‍. ഭരണകക്ഷിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എന്‍എല്‍ഡി)യുടെ നേതാക്കളെയും സൈന്യം തടവിലാക്കി.
രാജ്യത്ത് ഔദ്യോഗിക റേഡിയോ പ്രക്ഷേപണം നിര്‍ത്തി വച്ചു. നവംബറിലെ തെരഞ്ഞെടുപ്പ് അട്ടിമറിയെന്നാണ് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷ പാര്‍ട്ടിയുടെ ആരോപണം.
സൈനിക നടപടികളോട് ജനങ്ങൾ വൈകാരികമായി പ്രതികരിക്കരുതെന്ന് എൻഎൽഡി വക്താവ് മയോ ന്യൂന്ത് പറഞ്ഞു. വാർത്താ ഏജൻസിയായ റോയിട്ടേഴ്സുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം നിർദേശിച്ചത്. നിയമപ്രകാരം മാത്രമേ പ്രവർത്തിക്കാവൂ എന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. പാർട്ടിയുടെ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ഹാൻ താർ മൈന്റിനെയും സൈന്യം തടവിലാക്കിയിട്ടുണ്ട്.
യാങ്കോണിലും നയ്പിറ്റോയിലും സൈനികർ തെരുവിലുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. സൈന്യവുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും മറുപടി ലഭിച്ചില്ല. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിന് ശേഷം പാർലമെന്റിന്റെ ആദ്യ സമ്മേളനം ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് സൈന്യം ഇടപെടൽ നടത്തിയത്.