സ്ഥാനാർഥി നിർണയത്തിൽ വിജയസാധ്യത കണക്കിലെടുത്തു ഇളവനുവദിക്കാൻ സിപിഎം കേന്ദ്രകമ്മിറ്റി

ന്യൂഡെൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ അസാധാരണ സാഹചര്യവും വിജയസാധ്യതയും കണക്കിലെടുത്തുമാത്രം നിലവിലെ മാനദണ്ഡങ്ങളിൽ ഇളവനുവദിക്കാൻ സിപിഎം. അതേസമയം, രണ്ടുതവണ മത്സരിച്ചവരോ വിജയിച്ചവരോ മാറിനിൽക്കണമെന്ന വ്യവസ്ഥയിൽ കാര്യമായ ഇളവുകളുണ്ടാവില്ല.

കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകൾക്കുള്ള ചർച്ചയാണ് ശനിയാഴ്ച കേന്ദ്രകമ്മിറ്റിയോഗത്തിൽ തുടങ്ങിയത്. സഖ്യങ്ങളെക്കുറിച്ച് നേരത്തേ ധാരണയായതിനാൽ ഒരുക്കങ്ങളും രാഷ്ട്രീയ സാഹചര്യവുമാണ് കേന്ദ്രകമ്മിറ്റി വിലയിരുത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കർഷകപ്രക്ഷോഭം മുഖ്യവിഷയമായി ഉയർത്തിക്കാട്ടാൻ ധാരണയായി.

സ്ഥാനാർഥിനിർണയത്തിൽ പുതുതായി എന്തെങ്കിലും മാനദണ്ഡം കൊണ്ടുവരുന്ന കാര്യം പരിഗണനയിലില്ല. എന്നാൽ, അപൂർവസാഹചര്യം വിലയിരുത്തി സംസ്ഥാന ഘടകങ്ങൾ തീരുമാനമെടുത്താൽ കേന്ദ്രനേതൃത്വത്തിന്റെ അംഗീകാരമുണ്ടാവും.

ഗുരുതരമായ ക്രിമിനൽ കേസു നേരിടുന്നവർ, ക്രിമിനൽ പശ്ചാത്തലമുള്ളവർ, അഴിമതിക്കേസുകളിൽ പ്രതി ചേർക്കപ്പെട്ടവർ, ലൈംഗികപീഡനം പോലുള്ള ഗുരുതരമായ ആരോപണങ്ങളോ കേസുകളോ നേരിട്ടവർ എന്നിവരെ പൊതുവേ സ്ഥാനാർഥികളായി പരിഗണിക്കേണ്ടതില്ലെന്നാണ് പാർട്ടിയുടെ അലിഖിത മാർഗരേഖ. ഇക്കാര്യത്തിൽ ജാഗ്രത പുലർത്താൻ സംസ്ഥാന ഘടകങ്ങളോട് ആവശ്യപ്പെടും. കേന്ദ്രകമ്മിറ്റി ഞായറാഴ്ച സമാപിക്കും.