യഥാർഥ പ്രതിഷേധങ്ങൾ അപമാനിക്കപ്പെട്ടു; ഇത്​ ‘ബിജെപിയുടെ ഡെമോക്രെയ്സി: വിമർശനവുമായി ശിവസേന എം.പി

ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തോട്​​ കേന്ദ്രം സ്വീകരിക്കുന്ന സമീപനത്തിൽ രൂക്ഷ വിമർശനവുമായി ശിവസേനയുടെ രാജ്യസഭ എംപി പ്രിയങ്ക ചതുർവേദി. കർഷകർ മർദിക്കപ്പെടുകയും മാധ്യമപ്രവർത്തകർ ജയിലിലടക്കപ്പെടുകയുമാണെന്ന്​ അവർ ആരോപിച്ചു.

”കർഷകർ മർദിക്കപ്പെട്ടു, സത്യസന്ധരായ മാധ്യമപ്രവർത്തകർ ജയിലിലടക്കപ്പെട്ടു, യഥാർഥ പ്രതിഷേധങ്ങൾ അപമാനിക്കപ്പെട്ടു, അധികാര പദവിയിലിരിക്കുന്നവരുടെ ധാർഷ്​ട്യം മൂർധന്യാവസ്ഥയിലും. ഇത്​ ഡെമോക്രസിയല്ല(ജനാധിപത്യം), ‘ബിജെപിയുടെ ഡെമോക്രെയ്​സി’യാണ്​​. ” -പ്രിയങ്ക ചതുർവേദി ട്വീറ്റ്​ ചെയ്​തു.

നേരത്തേ കർഷകരുടെ പ്രശ്​നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്രസർക്കാറിനെതിരെ പ്രിയങ്ക ചതുർവേദി വിമർശനമുന്നയിച്ചിരുന്നു. ജനുവരി 26ന്​ നടന്ന കിസാൻ ട്രാക്​ടർ റാലിയിലെ അക്രമ സംഭവങ്ങൾ തടയുന്നതിനായി സർക്കാർ ആവശ്യമായ മുൻകരുതലുകൾ കൈക്കൊണ്ടില്ലെന്നും അവർ ആരോപിച്ചിരുന്നു.