കൊച്ചി: പ്രമുഖ സുഗന്ധവ്യഞ്ജന കമ്പനിയായ സിന്തൈറ്റിന്റെ ചെയർമാൻ സിവി ജേക്കബ് (87) അന്തരിച്ചു. സിയാൽ ഡയറക്ടറാണ്. സ്പൈസസ് ബോർഡ് വൈസ് ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. വാർദ്ധക്യസഹജമായ അസുഖത്താൽ അദ്ദേഹം കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ഒലിയോറെസിൻസ് (സുഗന്ധവ്യഞ്ജനങ്ങളിൽ നിന്ന് സംസ്കരിച്ചെടുക്കുന്ന വിവിധയിനം സത്തുകളാണ് ഒലിയോറെസിൻസ്) കമ്പനിയായ സിന്തൈറ്റ് ഇൻഡസ്ട്രീസിന്റെ സ്ഥാപകനും ചെയർമാനുമാണ് സിവി. ജേക്കബ്. ഏറ്റവും മികച്ച കയറ്റുമതിക്കാരനുള്ള കേന്ദ്ര സർക്കാർ ബഹുമതി 1976-77 മുതൽ ഒട്ടേറെ വർഷം രാഷ്ട്രപതിയിൽ നിന്ന് ലഭിച്ചു. ഒട്ടേറെ മറ്റു പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
എറണാകുളം ജില്ലയിലെ കോലഞ്ചേരിയിൽ കടയിരുപ്പ് എന്ന ഗ്രാമത്തിൽ 1972ൽ അദ്ദേഹം തുടങ്ങിയ ‘സിന്തൈറ്റ് ഇൻഡസ്ട്രീസ്’ ഇന്ന് സുഗന്ധവ്യഞ്ജനങ്ങളിൽ നിന്നുള്ള മൂല്യവർധിത ഉത്പന്ന രംഗത്ത് ലോകത്തെ തന്നെ ഏറ്റവും വലിയ ഉത്പാദകരാണ്. കുരുമുളക് സത്തിൽ നിന്നും ആരംഭിച്ച സിന്തൈറ്റ് ഇന്ന് അഞ്ഞൂറിലധികം വ്യത്യസ്ത ഉൽപ്പന്നങ്ങളുമായി സുഗന്ധവ്യഞ്ജന വ്യവസായ മേഖലയിൽ ഒന്നാമൻ ആയി നിലകൊള്ളുന്നു. കേരളത്തിനു പുറമേ ആന്ധ്ര, തമിഴ്നാട്, കർണാടക, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലും ഇന്ത്യയ്ക്ക് വെളിയിൽ ചൈന, ശ്രീലങ്ക, വിയറ്റ്നാം, ഉക്രൈൻ, ബ്രസീൽ, എന്നിവിടങ്ങളിൽ ഫാക്ടറികളും, യുഎസ്, യൂറോപ്പ്എന്നിവിടങ്ങളിൽ സെയിൽസ് ഓഫീസുകളും ഉണ്ട്.
പ്രമുഖ കോൺട്രാക്ടറായിരുന്ന കോലഞ്ചേരി നെച്ചുപ്പാടം സി.യു. വർക്കിയുടെയും ഏലിയുടെയും മകനായി 1933 സപ്തംബർ 27ന് ജനിച്ചു. ഭാര്യ മേപ്പാടം കുടുംബാംഗമായ ഏലിയാമ്മ. മക്കൾ: ഡോ.വിജു ജേക്കബ്, അജു ജേക്കബ്, എൽവി, സിൽവി, മിന്ന, മിന്നി.