അറസ്റ്റ് ചെയ്ത കര്‍ഷകരെ വിട്ടയക്കണം; ചര്‍ച്ചയ്ക്ക് സാഹചര്യമൊരുക്കണം: നരേഷ് ടികായത്

ന്യൂഡെൽഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ നടന്ന അനിഷ്ട സംഭവങ്ങളുടെ പേരിൽ കസ്റ്റഡിയിലെടുത്ത കർഷകരെ വിട്ടയക്കാൻ കേന്ദ്രം തയ്യാറാവണമെന്ന് കർഷക നേതാവ് നരേഷ് ടികായത്. അപ്രകാരം ചർച്ചയ്ക്കുള്ള ഒരു സാഹചര്യം ഒരുക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമ്മർദ്ദത്തിന്റെ പേരിൽ മാത്രം ഞങ്ങൾ ഒന്നിനും സമ്മതം മൂളില്ല. മാന്യമായ ഒരു പ്രശ്നപരിഹാരത്തിലെത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിപ്പബ്ലിക് ദിനത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഡെൽഹി പോലീസ് 84 പേരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് നരേഷ് ടികായത്തിന്റെ പ്രതികരണം. സംഘർഷത്തിനിടെ പ്രതിഷേധക്കാരിലൊരാൾ മരണപ്പെടുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

റിപ്പബ്ലിക് ദിനത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് 38 കേസുകളാണ് ഡെൽഹി പോലീസ് ഇതുവരെ ഫയൽ ചെയ്തിരിക്കുന്നത്. 1700 മൊബൈൽ വിഡിയോ ക്ലിപ്പുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് നടപടി.