പരീക്ഷാഭവന്റെ പേരിൽ വ്യാജ സൈറ്റുണ്ടാക്കിയ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: പരീക്ഷാ ഭവന്റെ പേരിൽ വ്യാജ സൈറ്റുണ്ടാക്കിയ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അവിനാശ് വർമയെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഡൽഹി സ്വദേശിയാണ്. ഡൽഹിയിൽ നിന്നാണ് അവിനാശ് വർമയെ അറസ്റ്റ് ചെയ്തത്. സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പരീക്ഷാ ഭവൻ അധികൃതരുടെ പരാതിയെ തുടർന്നാണ് കേസ്. വ്യാജ സൈറ്റിലൂടെ സർട്ടിഫിക്കറ്റ് വിതരണം നടത്തിയെന്നും കണ്ടെത്തൽ.

പരീക്ഷാ ഭവന്റെ പേരിൽ വ്യാജസൈറ്റ് നിർമ്മിച്ച ഇയാൾ വ്യാജ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തിരുന്നു. ഈ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച്‌ പലരും വിവിധ സ്ഥാപനങ്ങളിൽ ജോലിക്ക് കയറിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളെ നാളെ കേരളത്തിലെത്തിക്കും.

സർട്ടിഫിക്കറ്റുകളുടെ സൂക്ഷ്മ പരിശോധന സമയത്ത് ഇയാൾ നിർമിച്ച വ്യാജ സൈറ്റിലേക്കായിരുന്നു പോയിരുന്നത്. ചില സ്ഥാപനങ്ങൾ സർട്ടിഫിക്കറ്റ് പരിശോധനക്കായി പരീക്ഷാ ഭവനിലേക്കയച്ചപ്പോഴാണ് ഇവ വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്ന് പരീക്ഷാ സെക്രട്ടറി നൽകിയ പരാതിയിൽ സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലാവുന്നത്.