കൊച്ചി: പന്തീരാങ്കവ് യുഎപിഎ കേസിലെ നാലാം പ്രതി വിജിത് വിജയനെതിരെ ഗുരുതര ആരോപണവുമായി എന്‍ഐഎ. കേസിലെ മറ്റു പ്രതികളുമായി മാവോയിസ്റ്റു ഓപ്പറേഷനുകള്‍ക്ക് ഗൂഡാലോചന നടത്തിയെന്നതാണ് ഇപ്പോള്‍ എന്‍ഐഎ ഉന്നയിക്കുന്ന ആരോപണം. ഇന്ന് കോടതിയില്‍ ഹാജരാക്കിയ വിജിത് വിജയനെ ജാമ്യത്തില്‍ വിടരുതെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
നിരോധിത സിപിഐ മാവോയിസ്റ്റ് സംഘടയിലെ സുപ്രധാന കണ്ണിയാണ് വിജിത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒളിവില്‍ കഴിയുന്ന മാവോയിസ്റ്റുകള്‍ക്ക് ഭക്ഷണം, മരുന്ന്, വസ്ത്രം തുടങ്ങിയവ എത്തിച്ചു നല്‍കുന്നതും വിജിത്താണെന്ന് എന്‍ഐഎ പറയുന്നു.
നാല് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെതുടര്‍ന്നാണ് വിജിത്തിനെ കൊച്ചി എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയത്. അടുത്ത മാസം 19 വരെ വിജിത്തിനെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ഇംഗ്ലീഷ് മാവോയിസ്റ്റ് സാഹിത്യങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നുണ്ടെന്നും സംഘടനയില്‍ പച്ച, ബാലു, മുസഫിര്‍, അജയ് എന്നീപേരുകളിലാണ് വിജിത് അറിയപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം 21-നാണ് പന്തീരാവ് മാവോയിസ്റ്റു കേസില്‍ വിജിത് വിജയനെ എന്‍ഐഎ അറസ്റ്റുചെയ്യുന്നത്.