പളനിസാമി ദ്രോഹി; വഞ്ചകരില്‍ നിന്ന് അണ്ണാഡിഎംകെയെ മോചിപ്പിക്കണം; നമതു എംജിആര്‍

ചെന്നൈ: അണ്ണാഡിഎംകെ പിടിച്ചെടുക്കാന്‍ വികെ ശശികല. വഞ്ചകരില്‍ നിന്ന് മോചിപ്പിക്കുമെന്നു ശശികലയുടെ ഉടമസ്ഥതയിലുള്ള നമതു എംജിആര്‍ പത്രത്തിന്റെ മുഖപ്രസംഗം. എടപ്പാടി പളനിസാമിക്കെതിരെ രൂക്ഷവിമര്‍ശനമാണ് മുഖപ്രസംഗത്തില്‍ ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയടക്കം കൂടെ നിന്നവര്‍ ചതിച്ചെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. പളനിസാമിയെ ദ്രോഹിയെന്നാണ് വിശേഷിപ്പിച്ചത്.

ജയലളിത വളര്‍ത്തി വലുതാക്കിയ പാര്‍ട്ടിയെ വഞ്ചകര്‍ തളര്‍ത്തി. പാര്‍ട്ടിയെ തിരികെ പ്രതാപത്തിലേക്കെത്തിക്കാന്‍ ജനങ്ങളുടെ പിന്തുണയും തേടുന്നുണ്ട്. ശശികല നിലപാട് വ്യക്തമാക്കിയതോടെ എടപ്പാടി പളനിസാമിയും ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും അടക്കമുള്ള അണ്ണാ ഡിഎംകെ നേതൃത്വം അങ്കലാപ്പിലാണ്.

ശശികലയ്ക്കു വേണ്ടി വാദിക്കുന്നവരുടെ എണ്ണം അണ്ണാ ഡിഎംകെയില്‍ കൂടുകയാണ്. ശശികലയെ സ്വാഗതം ചെയ്തതിനു തിരുനെല്‍വേലി ജില്ലാ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയെയും തിരുച്ചിറപ്പള്ളി അനന്ദനല്ലൂര്‍ സെക്രട്ടറിയെയും അണ്ണാ ഡിഎംകെ പുറത്താക്കിയിരുന്നു.