മക്കളെ കൊല്ലാൻ പ്രേരിപ്പിച്ചത്​ പത്മജ; ഇരുവരും മാനസികാരോഗ്യ കേന്ദ്രത്തിൽ

ഹൈദരാബാദ്​: ആന്ധ്രപ്രദേശിൽ പുനർജനിക്കുമെന്ന്​ വി​ശ്വസിച്ച്​ പെൺമക്കളെ മാതാപിതാക്കൾ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്​. ഭാര്യ പത്​മജയുടെ വാക്കുകൾ വിശ്വസിച്ചാണ്​ ഭർത്താവ്​ വി. പുരുഷോത്തം നായിഡു കൊലപാതകത്തിന്​ കൂട്ടുനിന്നതെന്ന്​ ഇരുവരെയും ചികിത്സിക്കുന്ന ഡോക്​ടർമാർ പറഞ്ഞതായി ദ ക്വിന്‍റ്​ റിപ്പോർട്ട്​ ചെയ്​തു.

വിദ്യാർഥികളായ ആലേഖ്യ, സായ്​ ദിവ്യ എന്നിവരാണ്​ മാതാപിതാക്കളുടെ അന്ധവിശ്വാസത്തെ തുടർന്ന്​ കൊല്ലപ്പെട്ടത്​. ഇരുവരെയും വ്യായാമത്തിന്​ ഉപയോഗിക്കുന്ന ഡംബെൽ ഉപയോഗിച്ച്​ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മടനപ്പള്ളി സർക്കാർ ഡിഗ്രി കോളജ്​ ​ഫോർ വിമണിൽ അസോസിയേറ്റ്​ പ്രഫസറായിരുന്നു പുരുഷോത്തം. പത്മജ സ്വകാര്യ സ്​കൂൾ പ്രിൻസിപ്പലും. ആലേഖ്യ എംബിഎ വിദ്യാർഥിനിയും സായ്​ ദിവ്യ ബിബഎ വിദ്യാർഥിനിയുമാണ്. മാർച്ചിൽ ലോക്​ഡൗൺ പ്രഖ്യാപിച്ചപ്പോൾ വിദ്യാഭ്യാസ സ്​ഥാപനങ്ങൾ അടച്ചതോടെ ആലേഖ്യയും സായ്​ ദിവ്യയും വീട്ടിലെത്തുകയായിരുന്നു.

ലോക്​ഡൗൺ പ്രഖ്യാപിച്ചതിന്​ ശേഷം കുടുംബത്തിലെ നാലുപേരും പുറംലോകവുമായി ബന്ധം പുലർത്തിയിരുന്നില്ല. പത്​മജക്ക്​ കടുത്ത മാനസിക പ്രശ്​ന​ങ്ങളുണ്ടായിരുന്നു. വീട്ടിൽ നാലുപേരും മാത്രമായതോടെ ഭാര്യയുടെ വിശ്വാസങ്ങൾ ഭർത്താവിനോട്​ പങ്കുവെച്ചു. നിരന്തരം ഭാര്യയുടെ വാക്കുകൾ ​കേൾക്കാൻ തുടങ്ങിയതോടെ ഭർത്താവിലും വിശ്വാസം ഉടലെടുത്തു. മത -ആരാധന ചടങ്ങുകളുമായി ബന്ധപ്പെട്ട കടുത്ത വിശ്വാസങ്ങളാണ്​ ഇരുവരിലുമുണ്ടായിരുന്നത്​.

പുരുഷോത്തമിന്​ ഭാര്യയിലുണ്ടായിരുന്ന വി​ശ്വാസമാണ്​ അയാളിലും മാനസിക പ്ര​ശ്​നങ്ങൾ ഉടലെടുക്കാൻ കാരണമായതെന്ന്​ ഡോക്​ടർമാർ പറയുന്നു. മക്കളെ കൊലപ്പെടുത്തി ഒരു ദിവസത്തിനുശേഷം പുനർജനിക്കുമെന്നായിരുന്നു ഇരുവരുടെയും വാദം. കൊലപാതകവുമായി ബന്ധപ്പെട്ട നിയമപ്രശ്​നങ്ങൾ സംബന്ധിച്ച്​ പുരുഷോത്തമിന്​ ഭയമുണ്ടായിരുന്നതായും ഡോക്​ടർമാർ പറയുന്നു.

ജനുവരി 26നാണ്​​ ദമ്പതികളായ പുരുഷോത്തം നായിഡുവിനെയും പത്​മജയെയും പൊലീസ്​ അറസ്റ്റ്​ ചെയ്യുന്നത്. പ്രാഥമിക മാനസിക ആരോഗ്യ പരിശോധനക്ക്​ ശേഷം ഇരുവരെയും വിശാഖപട്ടണത്തെ മാനസിക ആശുപത്രിയിലേക്ക്​ മാറ്റിയിരുന്നു. കടുത്ത നിരീക്ഷണത്തിലാണ്​ ഇരുവരും. ആശുപത്രി ജീവനക്കാരോടുള്ള ഇരുവരുടെയും പെരുമാറ്റം ഉൾപ്പെടെ നിരീക്ഷിച്ചുവരുന്നുണ്ട്​. കൂടാതെ ദമ്പതികൾ വായിച്ചിരുന്ന പുസ്​തകങ്ങളും ആത്മീയ നേതാക്കളുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്​.